തൂക്കുകയര്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം; നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനെന്ന് സൂചന

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച നടപ്പാക്കിലാക്കിയേക്കും. ഡിസംബര്‍ 16 തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിര്‍ഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച.

10 തൂക്കുകയര്‍ തയ്യാറാക്കി ഡിസംബര്‍ 14ന് മുമ്ബ് നല്‍കണമെന്ന് ഇതിനോടകം തന്നെ ബിഹാറിലെ ബക്‌സാര്‍ ജില്ലയിലെ ഒരു ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഒരു കയര്‍ തയ്യാറാക്കാന്‍ മൂന്ന് ദിവസത്തോളം വേണം. അതേസമയം ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും, കാലങ്ങളായി ഇവിടെ നിന്ന് തൂക്കുകയര്‍ നിര്‍മിച്ച്‌ നല്‍കാറുണ്ടെന്നും ബക്‌സാര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ പറഞ്ഞു. അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികളുടെ ദയാഹര്‍ജി ഉടന്‍ രാഷ്ട്രപതി തള്ളിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Loading...

കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികള്‍ തീഹാര്‍ ജയിലിലാണ് ഉള്ളത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. 2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയ കൂട്ടമാനഭംഗത്തിന് ഇരയായത്.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പെണ്‍കുട്ടി മരിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചത്.

പ്രതി സമര്‍പ്പിച്ച ദയാഹരജി തള്ളാന്‍ ഡല്‍ഹി സര്‍ക്കാര്‍ ശക്തമായി ശിപാര്‍ശ ചെയ്തിരുന്നു. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്‍റെ ശിപാര്‍ശ സഹിതം ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജലിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ദയാ ഹരജിക്ക് യാതൊരു യോഗ്യതയുമില്ലെന്നും നിരസിക്കാന്‍ ശക്തമായി ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഡല്‍ഹി ആഭ്യന്തരമന്ത്രി പ്രതികരിച്ചിരുന്നു.