ഒരുതുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടാതേ ജെയ്ഷ ഓടിത്തീർത്തത് 42 കിലോമീറ്റർ ദൂരം; ഒഫീഷ്യലുകളുടെ അവഗണനയെ കുറിച്ച് ജെയ്ഷ

ബംഗളൂര്‍ : റിയോ ഒളിംപിക്‌സ് മാരത്തണിൽ 42 കിലോമീറ്റർ ദൂരം നിർത്താതെ മലയാളി താരം ഒ.പി ജെയ്ഷ ഓടിയത് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ. വെള്ളമോ ഗ്ലൂക്കോസോ ബിസ്‌കറ്റ് അടക്കമുള്ള ലഘുഭക്ഷണമോ നൽകാൻ പോലും ഇന്ത്യൻ ഒഫീഷ്യലുകൾ ആരും ട്രാക്കിന്റെ പരിസരത്തു പോലും ഇല്ലായിരുന്നെന്നു ജെയ്ഷ തന്നെയാണ് പരാതി പറഞ്ഞത്.  42.95 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിന്റെ ഫിനിഷ് ലൈനിൽ ജെയ്ഷ നിർജലീകരണം മൂലം തളർന്നു വീഴുകയായിരുന്നു. ഏഴു കുപ്പി ഡ്രിപ്പ് കയറ്റിയ ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞാണ് ബോധം തെളിഞ്ഞതെന്നും ജെയ്ഷ പറഞ്ഞു. എങ്ങനെയാണ് ഓടിത്തീർത്തതെന്ന് എനിക്കുതന്നെ അറിയില്ല. ആവശ്യത്തിന് വെള്ളം കിട്ടാതിരുന്നത് വലിയ പ്രശ്‌നമായി. മറ്റെല്ലാ രാജ്യക്കാരും തങ്ങളുടെ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കാൻ ഗ്ലൂക്കോസ് ബിസ്‌കറ്റുകളും വെള്ളവും നൽകി ഓരോ റിഫ്രഷ്‌മെന്റ് പോയന്റുകളിലും കാത്തുനിന്നിരുന്നു. പക്ഷേ ഇന്ത്യൻ ഒഫീഷ്യലുകൾ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. മറ്റുള്ളവർക്ക് കഴിക്കാൻ കൊടുക്കുമ്പോൾ തനിക്ക് അതു ലഭിക്കുന്നു പോലും ഇല്ലായിരുന്നു. അവരും തരുകയും ഇല്ല. തളർന്നു വീണതുകണ്ട് കോച്ച് തന്റെ അടുത്ത് വന്നു നോക്കിയപ്പോൾ തന്റെ ശരീരത്തിൽ പൾസ് പോലും ഇല്ലായിരുന്നു. ശരിക്കും താൻ മരിച്ചു പോയെന്നാണ് അദ്ദേഹം കരുതിയത്. അങ്ങനെ തന്നെയാണ് അദ്ദേഹം ഒളിംപിക്‌സ് വില്ലേജിൽ പോയി പറഞ്ഞതും.

42 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ വീഥിയിൽ ഓരോ രണ്ടര കിലോമീറ്ററുകൾ പിന്നിടുമ്പോഴും റിഫ്രഷ്‌മെന്റ് പോയിന്റുകളുണ്ട്. ഇവിടെയെല്ലാം ആവശ്യമെങ്കിൽ വെള്ളം നൽകണമെന്നാണ് ചട്ടം. ദീർഘദൂര ഓട്ടമായതിനാൽ ശരീരം നന്നായി വിയർക്കുകയും പെട്ടന്ന് നിർജലീകരണം സംഭവിക്കുകയും ചെയ്യും. ഓരോ രാജ്യക്കാരും തങ്ങളുടെ താരങ്ങൾക്ക് റിഫ്രഷ്‌മെന്റ് നൽകാൻ ഗ്ലൂക്കോസ്, വെള്ളം, ബിസ്‌കറ്റ്, തേൻ എന്നിവയെല്ലാമായി കാത്തിരിക്കാറുണ്ട്. എന്നാൽ, ഇന്ത്യൻ പതാക കുത്തിവച്ച ഡസ്‌കുകൾ അല്ലാതെ ഇവിടങ്ങളിൽ ഒന്നും ഒറ്റ ഇന്ത്യൻ പ്രതിനിധികൾ പോലും ഉണ്ടായിരുന്നില്ല. ഇന്ത്യൻ സംഘത്തെ കാണാതിരുന്നതോടെ റിയോയിലെ ഒളിമ്പിക് സംഘാടകർ ഓരോ എട്ടുകിലോമീറ്റർ ദൂരത്തിലും ഏർപ്പെടുത്തിയിരുന്ന അവരുടെ പോയന്റുകളിൽ നിന്നാണ് വെള്ളം കിട്ടിയത്. കൂടെ ശരീരം തണുപ്പിക്കാൻ നനച്ച സ്‌പോഞ്ചും. ഇത് കുറച്ചുദൂരം ഓടാൻ സഹായിച്ചെങ്കിലും കത്തുന്ന സൂര്യനുതാഴെ അവസാനത്തെ പത്തുകിലോമീറ്റർ ഓടിയതെങ്ങനെയെന്നു പോലും അറിയില്ലെന്നു  ജെയ്ഷ പറയുന്നു. അതുകഴിഞ്ഞപ്പോൾ തനിക്ക് നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു.

Loading...

ഇപ്പോഴും തനിക്ക് ആരോഗ്യം വീണ്ടു കിട്ടിയിട്ടില്ല. ഇടയ്ക്കിടയ്ക്ക് പനി വരുന്നുണ്ട്. അങ്ങനെ ആരോഗ്യപ്രശ്‌നങ്ങൾ കുറേയുണ്ട്. നടക്കാൻ പോലും സാധിച്ചിരുന്നില്ല. ഒരുദിവസം മുഴുവൻ താൻ ആശുപത്രിയിൽ കഴിഞ്ഞു. ഇന്ത്യയുടെ ഒരു ഡോക്ടറെയും ഞാൻ കണ്ടില്ലെന്നും ഇന്ത്യയുടെ മാരത്തോൺ ഓട്ടക്കാരൻ ഗോപിയും കോച്ച് രാധാകൃഷ്ണൻ നായരുമാണ് തന്നെ സഹായിച്ചതെന്നും ജെയ്ഷ പറഞ്ഞു. കുറച്ചുദിവസങ്ങളെടുക്കും സാധാരണനിലയിലാകാൻ. ശരീരത്തിനുണ്ടായ ക്ഷീണം മാറാൻ മൂന്നുമാസത്തെയെങ്കിലും ആയുർവേദ ചികിത്സ വേണ്ടിവന്നേക്കും. ബീജിംഗ് ഒളിമ്പിക്‌സിൽ രണ്ടുമണിക്കൂറും 34 മിനിറ്റുമെടുത്ത് പതിനെട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്ന ജെയ്ഷ ഇക്കുറി ഇതിനേക്കാൾ മികച്ച സമയം കുറിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ വെള്ളംകുടിക്കാൻപോലും കിട്ടാതേ ജെയ്ഷ ഓടിത്തീർത്തത് രണ്ടുമണിക്കൂർ 47 മിനിറ്റെടുത്താണ്. മാരത്തണിൽ ദേശീയ റെക്കോഡിന് ഉടമയായ ജെയ്ഷയോട് വൻ ചതി കാട്ടിയതിൽ ഇന്ത്യൻ ഒഫിഷ്യൽസിനെതിരെ വ്യാപകമായി പരാതി ഉയർന്നുകഴിഞ്ഞു.