ജയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് കോടിയേരി

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരളത്തില്‍ അസാധാരണ സ്ഥിതിവിശേഷം ഉണ്ടെന്ന് വരുത്തി കേരളത്തിലെ ജനകീയ സര്‍ക്കാരിനെ പിരിച്ചുവിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് കേന്ദ്രത്തിന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സി.പി.എം കുടുംബാംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
ഇ.എം.എസ് സര്‍ക്കാറിനെ പിരിച്ചുവിട്ട സാഹചര്യമല്ല ഇന്നു കേരളത്തിലുള്ളതെന്ന് കേന്ദ്രം ഓര്‍ക്കണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം നാട്ടില്‍ ക്രമസമാധാനം ഉണ്ടാക്കിയിട്ട് കേരളത്തിലേക്ക് വന്നാല്‍ മതി.

Loading...

എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതിന് ശേഷം ആര്‍.എസ്.എസ് തുടര്‍ച്ചയായി അക്രമം നടത്തുകയാണ്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്ന് പോയതിന് ശേഷമാണ് അക്രമങ്ങള്‍ വര്‍ദ്ധിച്ചത്. എന്തുകൊണ്ടാണ് കേന്ദ്രമന്ത്രി ബി.ജെ.പിക്കാരുടെ വീടുകള്‍ മാത്രം സന്ദര്‍ശിക്കുന്നതെന്നും കോടിയേരി ചോദിച്ചു.