ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നു ; ശല്യം കൂടിയപ്പോള്‍ അതല്ലാതെ വേറെ വഴിയില്ലായിരുന്നു ; വെളിപ്പെടുത്തല്‍ തുടരുന്നു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായി കന്യാസ്ത്രീ പോലീസിനു മൊഴി നൽകി. ശല്യം കൂടിയപ്പോൾ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. ഫോണിൽ അശ്ലീലച്ചുവയോടെയാണ് സംസാരിച്ചിരുന്നത്. ഇതുതുടർന്നാൽ തനിക്കു സന്ന്യാസജീവിതം ഉപേക്ഷിച്ച് സഭയ്ക്കു പുറത്തുപോകുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ടിവരുമെന്ന് ബിഷപ്പിനോടും പലതവണ പറഞ്ഞിരുന്നു.

2014 മേയ് അഞ്ചിന് തൃശ്ശൂരിൽ വൈദികപട്ടം കൊടുക്കുന്ന ചടങ്ങിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കാർമികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തിൽ ആദ്യമായി താമസിക്കാൻ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തിൽ ഒരു ആദ്യകുർബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളിൽ, മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ ഫ്രാങ്കോ മുളയ്ക്കൽ ഇവിടെ എത്തിയിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകൾ ശേഖരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതയ്ക്ക്, കേരളത്തിൽ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാൽ, ബിഷപ്പ് കേരളത്തിൽ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തിൽ സന്ദർശനാനുമതി മാത്രമാണുള്ളത്. താമസിക്കാൻ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു.

ഫോണിൽ അശ്ലീലം പറയുന്നത് തുടർന്നപ്പോൾ, കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം വിവരം പാലാ ബിഷപ്പിനെ അറിയിച്ചു. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളിമേടയിൽ കന്യാസ്ത്രീയുടെ പരാതി കേട്ടു. ഇതിനുശേഷമാണ് സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ നേരിൽക്കണ്ട് പരാതി പറഞ്ഞത്. ഇക്കാര്യത്തിൽ താൻ നിസ്സഹായനാണെന്ന് അദ്ദേഹം അറിയിച്ചെന്നും മൊഴിയിലുണ്ട്.

തുടർന്ന്, ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിക്ക് പരാതി നൽകി. ഇത് മേയിൽ പോപ്പിന് അയച്ചുകൊടുത്തു. എന്നിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് എസ്.പി.ക്ക് പരാതി നൽകിയത്.

ഇവരെക്കൂടാതെ കുറവിലങ്ങാട്‌ മഠത്തിലെ നാലു കന്യാസ്ത്രീകളുടെ മൊഴി കൂടി വൈക്കം ഡിവൈ.എസ്‌.പി. കെ. സുഭാഷിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. പീഡനത്തെക്കുറിച്ച്‌ പറഞ്ഞറിവേ ഉള്ളൂവെന്നാണ് ഇവരുടെ മൊഴി. ഒമ്പത്‌ കന്യാസ്ത്രീമാരാണ്‌ മഠത്തിലുള്ളത്‌. ചൊവ്വാഴ്ചയും മൊഴിയെടുപ്പു തുടരും.