അങ്കാറ: ഖഷോഗ്ജിയുടെ കൊലയിൽ സൗദി കിരീടാവകാശിക്ക് പങ്ക്. പുറത്ത് വരുന്നത് ഞെട്ടിക്കുന്ന യു.എന്‍ റിപ്പോര്‍ട്ട്.
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തുന്ന യു.എന്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്നു തെളിയിക്കുന്ന വിശ്വാസയോഗ്യമായ തെളിവുള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ‘ദ ഗാര്‍ഡിയന്‍’ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല. ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് 11 പേര്‍ സൗദിയില്‍ അന്വേഷണം നേരിടുകയാണ്. ഇവരെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം ഇതുവരെ സൗദി അംഗീകരിച്ചിട്ടില്ല.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊലയില്‍ പങ്കുണ്ടെന്നു തെളിയിക്കുന്ന 100 പേജുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്. ഖഷോഗ്ജിയുടെ വധം ഒരു ‘അന്താരാഷ്ട്ര കുറ്റകൃത്യം’ ആണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലുള്ള യു.എന്‍ പ്രത്യേക ഉദ്യോഗസ്ഥ ആഗ്നസ് കല്ലാമാര്‍ഡ് പറഞ്ഞു.
കരുതിക്കൂട്ടി, ആസൂത്രണം ചെയ്ത, ഭരണകൂട കൊലപാതകമാണ് ഖഷോഗ്ജിയുടേതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സൗദി ഭരണകൂടം നടത്തിയ ഈ കൃത്യം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ആഗ്നസ് വ്യക്തമാക്കി.
തുര്‍ക്കിയിലെയും മറ്റു രാജ്യങ്ങളിലെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ പറയുന്നത്, ഖഷോഗ്ജിയുടെ ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് മയക്കിയശേഷം പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയിരിക്കാമെന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖഷോഗ്ജിയുടെ കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് യു.എന്നിന്റെ മനുഷ്യവകാശ സമിതിയുടെ അന്വേഷണത്തിലും നേരത്തേ കണ്ടെത്തിയിരുന്നു. ഖഷോഗ്ജി വധത്തില്‍ തുര്‍ക്കി യു.എന്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
തുര്‍ക്കി സമര്‍പ്പിച്ച ഓഡിയോ ടേപ്പുകളുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.