ഷര്‍ട്ടൂരി അര്‍ധനഗ്നരായി ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ലഖ്‌നൗ: ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. ജാമിയ മിലിയ സര്‍വകലാശാലയില്‍ പോലീസ് നടത്തിയ അതിക്രമത്തില്‍ ഡല്‍ഹി പോലീസിനെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ടും പൗരത്വ നിയമത്തിനെതിരെയുമാണ് പ്രതിഷേധം ഇപ്പോള്‍ തുടരുന്നത്.

വിദ്യാര്‍ഥികള്‍ ഷര്‍ട്ടുകള്‍ ധരിക്കാതെയാണ് സര്‍വകലാശാല ഗേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തില്‍ അണിനിരക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതോടെ ജാമിയ മിലിയ സര്‍വകലാശാല ഹോസ്റ്റലുകളില്‍ നിന്ന് ചില വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

Loading...

അതേസമയം , കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും തിങ്കളാഴ്ച ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചിട്ടുണ്ട്.എല്ലാ വിദ്യാര്‍ഥികളെയും തിങ്കളാഴ്ച തന്നെ വീടുകളിലേക്ക് അയക്കുമെന്ന് പൊലീസ് മേധാവി ഒ പി സിങ് പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് യുപിയില്‍ ആറ് ജില്ലകളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ അക്രമത്തിന് പിന്നാലെയാണ് അലിഗഢ് മുസ്ലീം സര്‍വകലാശാലയിലും വിദ്യാര്‍ഥി പ്രതിഷേധം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ 15 ഓളം പൊലീസുകാര്‍ക്കും 30 ഓളം വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മീററ്റ്, അലിഗഢ്, സഹാറന്‍പുര്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ജാമിയ മിലി, അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണ്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അസമില്‍ ഇന്റര്‍നെറ്റ് നിരോധനം 24 മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്