ഭീകരര്‍ എത്തിയെന്ന് സംശയം, കശ്മീരിലെ ഗന്ദര്‍ബാല്‍ വനത്തില്‍ വൻ സൈനീക നീക്കം

ജമ്മു: കശ്മീരിലേക്ക് ഭീകരര്‍ എത്തിയെന്ന സംശയത്തെ തുടർന്ന് ഗന്ദര്‍ബാല്‍ വനത്തില്‍ കമാന്‍ഡോകളെ വിന്യസിച്ചു.പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇവിടേക്ക് കമാൻഡോ വിഭാഗത്തെ വിമാനത്തിലെത്തിച്ച് എയർഡ്രോപ്പ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ് റദ്ദ് ചെയ്യുകയും സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ സൈനിക മുന്നേറ്റമാണ് ഇതെന്നാണ് വിവരം. ഗങ്ബാൽ കാടുകളിലെ റോഡ് ഗതാഗതം സാധ്യമല്ലാത്ത പർവത പ്രദേശങ്ങളിലേക്കാണ് കമാൻഡോകളെ എയർഡ്രോപ്പ് ചെയ്തത്.

Loading...

സെപ്തംബർ 17 ന് നിയന്ത്രണ രേഖ കടന്നെത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. 2014ന് ശേഷം പ്രദേശത്തുണ്ടായ ആദ്യ ഏറ്റുമുട്ടലാണ് ഇതെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം.

ഗന്ദർബാൽ, ഗുരേസ് ജില്ലകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന പർവത പ്രദേശമാണ് ഗന്ദ്ബാൽ. പർവതാരോഹണത്തിനും ക്യാംപിങിനുമായി വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട പ്രദേശവുമാണിത്.
നിരവധി വർഷങ്ങൾക്ക് ശേഷമാണ് ഈ പാത തീവ്രവാദികൾ വീണ്ടുമുപയോഗിച്ചിരുക്കുന്നത്.

പ്രദേശത്ത് വലിയ തോതിൽ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന ആശങ്കയുള്ളതിനാൽ കമാൻഡോകൾ ഈ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തും. ബന്ദിപോര ജില്ലയിലെ ഗുരേസ് പ്രദേശത്ത്കൂടെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ ഈ ഭീകരർ ദക്ഷിണ കശ്മീരിലെ ത്രാൽ ടൗണിലേക്ക് നീങ്ങാൻ ശ്രമിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം.