ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഗ്രാമമുഖ്യനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. ഖൻമോഗഹ് ഗ്രാമത്തിലെ ഗ്രാമമുഖ്യൻ, സമീർ അഹമ്മദ് ഭട്ടിനെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. വാഹനങ്ങളിൽ എത്തിയ ഭീകരരാണ് സമീറിന് നേരെ ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ എസ്എംഎച്ച്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു.
സമീറിന്റെ നെഞ്ചിൽ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വെടിയുണ്ടകളാണ് ഏറ്റത്. രണ്ട് വെടിയുണ്ടകളാണ് നെഞ്ചിൽ തറച്ചത്. ഇത് ശസ്ത്രക്രിയ വഴി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് എസ്എംഎച്ച്എസ് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സർപഞ്ച് ആണ് സമീർ.അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഖാൻമോഗഹ് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.