Loading...

ഹരിയാന: മോഡിയുടെ വാഗ്ദാനം കേട്ട് ജന്‍ധന്‍ യോജന അക്കൗണ്ട് തുറന്നവര്‍ നിരാശയില്‍. വിദേശത്തെ കള്ളപ്പണം പിടിച്ചെടുത്ത് മോഡി സര്‍ക്കാര്‍ ഓരോ പാവങ്ങള്‍ക്കും 5000 രൂപ വീതം നല്‍കുമെന്ന ബിജെപി അനുകൂലികളുടെ പ്രചാരണം വിശ്വസിച്ചാണ് പാവങ്ങള്‍ അക്കൗണ്ട് ഉണ്ടാക്കി, ആറു മാസം പിന്നിട്ടിട്ടും ഒരു രൂപ പോലും തങ്ങളുടെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകരടക്കമുള്ള ഗ്രാമീണര്‍ പറയുന്നു. പെന്‍ഷന്‍, ഇന്‍ഷൂറന്‍സ്, ഗ്യാസ് സബ്‌സിഡി തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അക്കൗണ്ട് വഴി നേരിട്ട് നല്‍കുമെന്നറിയിച്ചതോടെയാണ് ഇവര്‍ അക്കൗണ്ട് തുടങ്ങിയത്.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി കഴിഞ്ഞ ഓഗസ്റ്റിലാണ് ജന്‍ധന്‍ യോജന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. രാജ്യത്ത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സ്ത്രീശാക്തീകരണത്തിനും കരുത്തുപകരുമെന്ന് പറഞ്ഞായിരുന്നു ഇത്. ഇതുവരെ രാജ്യത്താകമാനം 15 കോടി അക്കൗണ്ടുകള്‍ ജന്‍ധന്‍ യോജന പദ്ധതി പ്രകാരം തുറന്നിട്ടുണ്ട്. ഇതില്‍ 70 ശതമാനം അക്കൗണ്ടുകളിലും ബാലന്‍സ് പൂജ്യമാണ്.

Loading...

വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഓരോരുത്തര്‍ക്കും മോഡി സര്‍ക്കാര്‍ 5000 രൂപ വീതം നല്‍കുമെന്ന ബിജെപി അനുകൂലികളുടെ പ്രചാരണം വിശ്വസിച്ചാണ് കടുത്ത ദാരിദ്ര്യത്തിലും കൈയ്യിലുള്ള തുക ബാങ്കിലടച്ച് പലരും അക്കൗണ്ട് തുറന്നത്. എന്നാല്‍ ആറു മാസം കാത്തിരുന്നിട്ടും ഒരു രൂപ പോലും അക്കൗണ്ടിലെത്തിയില്ലെന്ന് ഹരിയാനയിലെ നിസാംപൂരിലുള്ള കര്‍ഷകര്‍ പറയുന്നു. രാജസ്ഥാനിലും സ്ഥിതി ഇതു തന്നെ.

jandhan-yojana

ഹരിയാനയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കുകളിലേക്കെത്താന്‍ ആളുകള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കണം. വിവിധ സംസ്ഥാനങ്ങളില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലൂടെയാണ് പെന്‍ഷനും സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈമാറുന്നത്. ഇതാകട്ടെ ഗ്രാമീണരെ സംബന്ധിച്ച് സൗകര്യപ്രദമാണ്. പോസ്റ്റ്മാന്‍ സമയത്തിന് പണം വീട്ടില്‍ എത്തിക്കും. എന്നാല്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജന വന്നതോടെ കര്‍ഷകര്‍ക്കും മറ്റും പെന്‍ഷനടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ബാങ്കുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

ജന്‍ധന്‍ യോജനയുടെ ഭാഗമായി വെറുതെ അക്കൗണ്ട് തുടങ്ങുന്നത് ബാങ്കുകള്‍ക്കും തലവേദനയായിരിക്കുകയാണ്. ഇടപാട് നടക്കാത്ത അക്കൗണ്ടുകള്‍ ബാങ്കുകളെ സംബന്ധിച്ച് അധികഭാരമാണ്. പദ്ധതിയുടെ ഭാഗമായി നാന്നൂറ് രൂപ അടച്ച് 3.6 കോടി അക്കൗണ്ടുകളാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ബ്രാഞ്ചുകളില്‍ തുടങ്ങിയിരിക്കുന്നത്. ഈ നാന്നൂറ് രൂപയ്ക്ക് പ്രതിവര്‍ഷം 12 രൂപ പലിശ നല്‍കണം. ഓരോ അക്കൗണ്ടിലേക്കും ഈ പലിശയെത്തിക്കാന്‍ ബാങ്കുകള്‍ക്ക് അതിലേറെ ചെലവു വരുന്നുണ്ട്. മറ്റു സര്‍വ്വീസുകള്‍ക്കുള്ള നഷ്ടം വേറെയും. എസ്ബിഐ മുന്‍ മാനേജിങ് ഡയറക്ടര്‍ ദിവാകര്‍ ഗുപ്ത പറയുന്നു.