ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു, സര്‍ക്കാരിനെ വിമര്‍ശിച്ച് ജനയുഗം

സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഐടി വകുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തത് ആയിരുന്നു എന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. സ്വര്‍ണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരണം എന്ന തലക്കെട്ടിലാണ് മുഖ പ്രസംഗം.

ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. മുന്‍സര്‍ക്കാരിന്റെ കാലത്തു നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെയും താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരിക തന്നെ വേണം. മുഖപ്രസംഗത്തില്‍ പറയുന്നു.

Loading...

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം പിടികൂടിയ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് കോടികള്‍ വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ഈ കള്ളക്കടത്തിന് ഒട്ടേറെ പുതുമകളും സവിശേഷതകളുമുണ്ടെന്ന് സംഭവം പുറത്തുവന്നതോടെ തന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത് രാജ്യത്ത് ആദ്യമായാണ് എന്നതാണ് അതിലൊന്ന്.

സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിതെന്നത് മറ്റൊരു പ്രത്യേകതയാണ്. സാധാരണ നിലയില്‍ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാറില്ലെന്നതിന്റെ മറവിലാണ് കള്ളക്കടത്ത് നടന്നിരിക്കുന്നത്. കസ്റ്റംസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബാഗേജ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഭക്ഷ്യ വസ്തുക്കളെന്ന വ്യാജേനയെത്തിയ ബാഗേജില്‍ നിന്നാണ് ഇത്രയും വലിയ സ്വര്‍ണവേട്ട നടന്നിരിക്കുന്നത്. സംഭവത്തില്‍ ആദ്യ ദിവസം കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരന്‍ സരിത്തിനെ ചോദ്യം ചെയ്യുന്നതും കൂടുതല്‍ പരിശോധനകളും മറ്റ് അന്വേഷണ നടപടികളും തുടരുകയാണ്.

ഒരിടപാടിന് 15 ലക്ഷം രൂപ വരെയാണ് കമ്മിഷന്‍ വാങ്ങിയിരുന്നതെന്നാണ് സരിത് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം വിമാനത്തിന് പുറത്തെത്തിക്കുകയായിരുന്നു സരിത്തിന്റെ പ്രധാന ചുമതല. ഇതിനായി നേരത്തേ ജോലി ചെയ്തിരുന്ന കോണ്‍സുലേറ്റ് പിആര്‍ഒയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുകയായിരുന്നു. പിആര്‍ഒ ചമഞ്ഞ് പലരെയും സരിത്ത് തെറ്റിദ്ധരിപ്പിച്ചതായും പരിശോധനക്കിടെ വിമാനത്താവളം ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സരിത്തിനെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ പുറത്തുവരുന്ന വിവരങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ മൊഴിയനുസരിച്ച് കൂട്ടുപ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ പേരുവിവരങ്ങളാണ് വിവാദത്തിനുള്ള വിഷയമായി പ്രതിപക്ഷവും മാധ്യമങ്ങളും ആഘോഷമാക്കുന്നത്. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ കൊഴുക്കുന്നത്.

അവര്‍ക്കുള്ള ബന്ധങ്ങളും അവരുടെ ജീവിത പശ്ചാത്തലങ്ങളും കണ്ടെത്തി രാഷ്ട്രീയ വിഷയമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഐടി വകുപ്പുമായി ബന്ധമുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ഓപ്പറേഷണല്‍ മാനേജര്‍ എന്ന പദവിയാണ് വിവാദത്തിനും ആരോപണങ്ങള്‍ക്കുമുള്ള കാരണമായി ഉപയോഗിക്കപ്പെട്ടത്. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന ഉടന്‍തന്നെ പ്രസ്തുത ജോലിയില്‍ നിന്ന് അവരെ ഒഴിവാക്കി.

സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഐടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം ശിവശങ്കര്‍ ഐഎഎസിനെ തല്‍സ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ മാറ്റുകയും ചെയ്തു. എങ്കിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. മുന്‍സര്‍ക്കാരിന്റെ കാലത്തു നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെയും താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനുള്ള ആദ്യത്തെ മറുപടിയാണ് സ്വപ്ന സുരേഷിന്റെ പുറത്താക്കലും എം ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും.

ഇപ്പോഴത്തെ സംഭവത്തോട് താരതമ്യം ചെയ്യുന്ന മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായ സോളാര്‍ വിവാദത്തില്‍ ചിലരെയെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത് എപ്പോഴായിരുന്നുവെന്ന് പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്താല്‍ മനസിലാക്കാനാകും. പലരേയും അവസാന ഘട്ടംവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളും അന്വേഷണം തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അക്കാലത്തുണ്ടായിരുന്നുവെന്നത് മറക്കാറായിട്ടില്ല. ഇവയെല്ലാം പരിശോധിച്ചാല്‍തന്നെ ഈ താരതമ്യം അസ്ഥാനത്താണെന്ന് വ്യക്തമാകും. എന്നാല്‍ കൂടുതല്‍ കൂടുതല്‍ ആരോപണങ്ങളും കഥകളും മെനഞ്ഞ് വന്‍ സ്വര്‍ണക്കള്ളക്കടത്ത് എന്ന യഥാര്‍ത്ഥ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിക്കൂടാ. കാരണം നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ ബാധിക്കുന്ന വിധത്തിലാണ് സ്വര്‍ണക്കടത്ത് നടക്കുന്നതെന്നാണ് വിവരം. പ്രതിവര്‍ഷം 200 ടണ്‍ സ്വര്‍ണമെങ്കിലും അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തേക്കെത്തുന്നുണ്ട്.

നികുതിയിനത്തിലുള്ള നഷ്ടത്തിനൊപ്പം കള്ളപ്പണം ഒളിപ്പിക്കാനുള്ള വഴിയായും ഇത്തരം സ്വര്‍ണ ഇറക്കുമതി വിനിയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം. ഏത് അന്വേഷണത്തെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ വലിയൊരു തട്ടിപ്പാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരിക തന്നെ വേണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതില്‍ ഏത് ഉന്നതര്‍ക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അര്‍ഹമായ ശിക്ഷ ലഭ്യമാക്കുകയും വേണം.