റിയാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ മുന്നറിയിപ്പുമായി ജപ്പാന്. അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കില്ലെന്നും ജപ്പാന് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള ഏറ്റുമുട്ടല്‍ ലോകത്തെ മൊത്തം ബാധിക്കുമെന്നും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ താക്കീത് നല്കി. നയതന്ത്ര മാര്‍ഗം സ്വീകരിക്കണമെന്നാണ് ജപ്പാന്റെ നിലപാട്. ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം വധിച്ചതിനെ തുടര്‍ന്നാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായത്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് പര്യടനം ഒഴിവാക്കാന്‍ ജപ്പാന് പ്രധാനമന്ത്രി ആലോചിച്ചിരുന്നു. സംഘര്‍ഷ സാധ്യത കുറഞ്ഞ വേളയിലാണ് അദ്ദേഹം സൗദിയിലെത്തിയത്. ഗൗരവമേറിയ മുന്നറിയിപ്പാണ് ജപ്പാന് പ്രധാനമന്ത്രി നല്‍കുന്നത്.
അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് ജപ്പാന് പ്രധാനമന്ത്രി സൗദിയിലെത്തിയത്. ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധ സാധ്യത ഉയര്‍ന്ന സാഹചര്യത്തില്‍ ഷിന്‍സോ ആബെ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ ആലോചിച്ചിരുന്നു. സാഹചര്യത്തില്‍ മാറ്റമുണ്ടായതോടെയാണ് അദ്ദേഹം സൗദിയിലെത്തിയത്.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം അല്‍ ഉല പ്രവിശ്യയില്‍ ചര്‍ച്ച നടത്തി. ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു. മേഖലയിലെ രാഷ്ട്രീയ സാഹചര്യവും അമേരിക്ക, ഇറാന് വിഷയവും വ്യാപാര സാധ്യതകളും ഇരു നേതാക്കളുടെയും ചര്‍ച്ചയില്‍ വിഷയമായി.
പശ്ചിമേഷ്യയില്‍ യുദ്ധമുണ്ടാകുന്നത് ആര്‍ക്കും നന്നാകില്ലെന്ന് ഷിന്‍സോ ആബെ മുന്നറിയിപ്പ് നല്കി. ഇറാന് പോലുള്ള രാജ്യവുമായി സംഘര്‍ഷമുണ്ടായാല്‍ ലോകത്തെ മൊത്തം ബാധിക്കും. ആഗോളതലത്തില്‍ സമാധാനവും സുസ്ഥിരതയും തകരുമെന്നും ഷിന്‍സോ ആബെ പറഞ്ഞു.
നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് ജപ്പാന്റെ നിലപാട്. സംഘര്‍ഷം ഒഴിവാക്കണം. അമേരിക്ക നേതൃത്വം നല്കുന്ന പശ്ചിമേഷ്യയിലെ സഖ്യത്തിനൊപ്പം നില്‍ക്കില്ലെന്നും ജപ്പാന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടേയോ ഇറാന്റെയോ പക്ഷം പിടിക്കാതെയാണ് ജപ്പാന്റെ പ്രതികരണം.