മകളുടെ ഭര്‍ത്താവിനെ ട്രമ്പ് സീനിയര്‍ അഡൈ്വസറായി നിയമിച്ചു; വിവാദങ്ങള്‍ ഉയര്‍ന്നേക്കുമെന്ന് സൂചന

വാഷിംഗ്ടണ്‍: വൈറ്റ്ഹൗസ് നിയമനങ്ങളില്‍ കുടുംബ താല്‍പര്യം പ്രകടമാക്കിക്കൊണ്ട് മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജറാദ് കുഷ്‌നറെ തന്റെ സീനിയര്‍ അഡൈ്വസര്‍മാരില്‍ ഒരാളായി നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് നിയമിച്ചു. പ്രചാരണ കാലഘട്ടത്തില്‍ പ്രധാന റോള്‍ വഹിച്ച കുഷ്‌നര്‍ ആഭ്യന്തര – വിദേശ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുമെന്നാണ് സൂചന. സ്വജനപക്ഷപാത നിയമനത്തിന്റെ പരിധിയില്‍ വരുന്നതു കൊണ്ട് ഈ നിയമനം വിവാദങ്ങള്‍ ഉയര്‍ത്തുമെന്നും കരുതപ്പെടുന്നു.
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ കുഷ്‌നറിന് പലവിധ ബിസിനസ് താല്‍പര്യങ്ങളുമുണ്ട്. നിയമന വാര്‍ത്ത സ്ഥിരീകരിച്ച ട്രമ്പിന്റെ വക്താവ് കെല്ലെയിന്‍ കോണ്‍വോ , ഇന്നത്തെ ഏറ്റവും മികച്ച വാര്‍ത്തയാണിതെന്നു കൂട്ടിച്ചേര്‍ത്തു. ബന്ധുക്കള്‍ക്ക് ഗവണ്‍മെന്റ് നിയമനങ്ങള്‍ നല്‍കരുതെന്ന വ്യവസ്ഥ വൈറ്റ്ഹൗസ് നിയമനങ്ങള്‍ക്കു ബാധകമല്ലെന്ന് അധികാര കൈമാറ്റത്തിനുള്ള ട്രമ്പിന്റെ ടീമംഗങ്ങള്‍ വാദിക്കുന്നു. ഗവണ്‍മെന്റ് ജീവനക്കാര്‍ ഒരു ബിസനസില്‍ നിന്നും ലാഭമുണ്ടാക്കുന്നവരായിരിക്കരുതെന്ന് ഫെഡറല്‍ എത്തിക്‌സ് നിയമനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
വൈറ്റ്ഹൗസ് നിയമനം സ്വീകരിച്ചാല്‍ കുടുംബ ബിസിനസിന്റെ തലപ്പത്തു നിന്ന് കുഷ്‌നര്‍ മാറി നില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. ഫെഡറല്‍ എത്തിക്‌സ് നിയമങ്ങള്‍ക്കനുസൃതമായി നീങ്ങുമെന്നും, ഗവണ്‍മെന്റ് എത്തിക്‌സ് ഓഫീസുമായി ആശയ വിനിമയം നടത്തിയെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ അറിയിച്ചു.
അധികാര കൈമാറ്റത്തിനുള്ള ടീമില്‍ നിന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയെ ഒഴിവാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് കുഷ്‌നറാണെന്നു കരുതപ്പെടുന്നു. ക്രിസ്റ്റി ന്യൂജേഴ്‌സി അറ്റോര്‍ണിയായിരിക്കെയാണ് കുഷ്‌നറുടെ പിതാവിനെ നികുതി വെട്ടിപ്പിനു പിടികൂടുന്നത്. അദ്ദേഹം ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ്. ട്രമ്പിന്റെ കാബിനറ്റ് നിയമന ഇന്റര്‍വ്യൂവുകൡലും, വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലുമൊക്കെ കുഷ്‌നറുടെ സാന്നിധ്യമുണ്ടായിരുന്നു. ട്രമ്പ് ടവറിന്റെ ഏതാനും ബ്ലോക്കുകള്‍ക്കപ്പുറത്ത് അംബരചുംബിയായ 666 ഫിഫ്ത് അവന്യു സ്വന്തമായുള്ള കുഷ്‌നര്‍ ഇരുപത്തിയഞ്ചാം വയസില്‍ ന്യൂയോര്‍ക്ക് ഒബാസര്‍വര്‍ ദിനപത്രം സ്വന്തമാക്കിയിരുന്നു. ട്രമ്പിന്റെ കാബിനറ്റ് നിയമനങ്ങളില്‍ പലതിലും ബിസിനസ് താല്‍പര്യങ്ങള്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതു കൊണ്ട് ഈയാഴ്ച നടക്കുന്ന സൂക്ഷ്മപരിശോധനയില്‍ ഈ വിഷയങ്ങള്‍ നിരീക്ഷിക്കപ്പെടുമെന്നാണ് സൂചന.