യുഎൻഎ സമ്പത്തിക തട്ടിപ്പ്: ഒന്നാം പ്രതിയായ ജാസ്മിൻ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുഎൻഎ സമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായ ജാസ്മിൻ ഷാ അടക്കം നാല് പേർ അറസ്റ്റിൽ. സോബി ജോസഫ്, നിധിൻ മോഹൻ, ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. തൃശൂരിൽ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ ജാസ്മിൻ ഷാ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. യുഎൻഎ സംസ്ഥാന പ്രസിഡൻറാണ് ഷോബി ജോസഫ്. ജാസ്മിൻ ഷായുടെ ഡ്രൈവറാണ് നിധിൻമോഹൻ. ഓഫീസ് സെക്രട്ടറിയാണ് ജിത്തു പി ഡി. ഇവർ രണ്ട് മുതൽ നാലുവരെ പ്രതികളാണ്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ ഫണ്ടിൽ നിന്ന് 2017 മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 3.5 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജാസ്മിൻ ഷാ ഉൾപ്പെടെ 7 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുൻ ഭാരവാഹികളിൽ ഒരാളാണ് കേസിലെ പരാതിക്കാരൻ. കേസിൽ ഒന്നാം പ്രതിയായ ജാസ്മിൻ ഷായുടെ ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്. മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നൽകുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്. ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ടായിരുന്നു.

Loading...

നേരത്തെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഗുരുതരമായ ആരോപണങ്ങൾ എഫ്ഐആറിലുള്ളതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്. 2017 ഏപ്രിൽ ഒന്നു മുതൽ 2019 ജനുവരി 31 വരെയുള്ള കാലയളവിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ 2019 ജനുവരി 31 ന് പ്രസ്തുത അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാന്നൂറ്റി എട്ട് രൂപയാണ്. അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയതായാണ് ആരോപണം.