ജസ്‌ന തിരോധാനം; കേസന്വേഷണം ഇനി സിബിഐക്ക്

ജസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു.തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുക.അന്വേഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും സി ബി ഐ ആവശ്യപ്പെട്ടു.കേസ് ഡയറിയും മറ്റു കേസ് രേഖകളും സിബിഐ ക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ കേസിന് വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍സംസ്ഥാന ഇടപെടലുകള്‍ നടന്നെന്നും സി.ബി.ഐ വ്യക്തമാക്കി.

സമാനമായ അഭിപ്രായമാണ് കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയും പങ്കുവെച്ചത്. ജസ്‌നയുടെ തിരോധാനത്തോട് കേരള സര്‍ക്കാരും പോലീസും സ്വീകരിച്ചിരിക്കുന്ന അലംഭാവപൂര്‍ണ്ണമായ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷവും ആരോപിച്ചു.കാഞ്ഞിരപ്പള്ളിയില്‍ നിന്നും 2018 മാര്‍ച്ച് 28നാണ് ജസ്‌നയെ കാണാതാകുന്നത്. സംഭവത്തില്‍ കാര്യമായ റിസള്‍ട്ട് ഉണ്ടാകാതിരുന്നതോടെ ജസ്‌നയെ കണ്ടെത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിതാവ് കത്തയച്ചിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് സത്യം വെളിച്ചത്ത് കൊണ്ടുവരണമെന്നുമായിരുന്നു പിതാവ് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്.

Loading...