സാമൂഹ്യ വിരുദ്ധരിൽ നിന്നും പെൺകുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ജവാനെ തല്ലിക്കൊന്നു.

മീററ്റ് (ഉത്തര്‍പ്രദേശ്): സാമൂഹ്യ വിരുദ്ധരിൽ നിന്നും പെൺകുട്ടികളെ രക്ഷിക്കാൻ ശ്രമിച പട്ടാളക്കാരനെ തല്ലിക്കൊന്നു. 416 എന്‍ജിനിയറിങ് ബ്രിഗേഡിലെ ലാന്‍സ് നായിക് വേദ് മിത്ര ചൗധരിയാണ് (35) മര്‍ദ്ദനത്തില്‍ മരിച്ചത്. മീററ്റിലെ ഹാര്‍ദേവ് നഗറിലെ റോഹ്ത റോഡിലാണ് സംഭവം.മില്‍ക്ക് ബൂത്തിലേക്ക് പോയ ചൗധരി അവിടെ ഒരു കൂട്ടം ആളുകള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് കാണുകയായിരുന്നു. ഉടന്‍ പെണ്‍കുട്ടിയെ അവരില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. കൂട്ടത്തിലുണ്ടായിരുന്നവരെ ചൗധരിയും പെണ്‍കുട്ടിയുടെ അച്ഛനും ചേര്‍ന്ന് ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇതില്‍ കുപിതനായ ആകാശ് എന്നയാള്‍ കൂട്ടുകാരെ വിളിച്ചുവരുത്തി.

ആക്രമിക്കാന്‍ ഒരുങ്ങിയായിരുന്നു സംഘത്തിന്‍െറ വരവ്. ഇവരുടെ അടികൊണ്ട് ഗുരുതരമായി പരിക്കേറ്റ ചൗധരിയെ സമീപത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആകാശിന് പുറമെ മറ്റ് രണ്ട് പേര്‍ കൂടി ജവാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ദിനേശ് ചന്ദ്ര ദുബെ അറിയിച്ചു. മറ്റുള്ളവര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുകയാണെന്നും ദുബെ പറഞ്ഞു.