കാണാതായ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ കണ്ടെത്തി: കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്ന് പോലീസ് : ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ അന്വേഷണം മുറുകുന്നതിനിടെ കാണാതായ യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാൻ ജയഘോഷിനെ കണ്ടെത്തി. വീടിന് 200 മീറ്റര്‍ അകലെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുമ്പയിലെ ഭാര്യവീട്ടില്‍ നിന്നാണ് ഇന്നലെ ജയ്‌ഘോഷിനെ കാണാതായത്. കുഴിവിളയിലെ കുടുംബ വീടിന് 200 മീറ്റര്‍ അകലെനിന്നാണ് ജയ്‌ഘോഷിനെ ഇന്ന് കണ്ടെത്തിയത്. അവശനിലയിലായ ജയഘോഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുമ്പയിലെ ഭാര്യവീട്ടിൽ നിന്ന് ഇന്നലെ മുതലാണ് ജയഘോഷിനെ കാണാതായത്.

കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. പരിക്ക് ആഴത്തിലുള്ളതല്ല. ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം ജയഘോഷിന് ഉണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് പൊലീസിനോട് പറഞ്ഞു.

Loading...

ബൈക്കില്‍ എത്തിയ നാട്ടുകാരനാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ മറിഞ്ഞുവീഴുന്നതായി കണ്ടതായും നോക്കിയപ്പോഴാണ് ജയ്‌ഘോഷാണെന്ന് തിരിച്ചറിഞ്ഞതെന്നും ആദ്യമായി കണ്ട നാട്ടുകാരന്‍ ബെന്നി പറഞ്ഞു. തുടര്‍ന്ന് പൊലീസിനെയും മറ്റും വിളിച്ചുവരുത്തുകയായിരുന്നു. തിരുവനന്തപുരം എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഘോഷ് മൂന്നു വർഷമായി യു എ ഇ കോൺസുലേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‍നയുമായും സരിത്തുമായും ഘോഷ് ഫോണിൽ ബന്ധപ്പെട്ടതിന്‍റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലും ജോലി ചെയ്തിട്ടുള്ള ഘോഷിന് ചിലരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ടുപേര്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞിരുന്നു.