ബന്ധു നിയമനം: ഇ പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവെച്ചു

കണ്ണൂര്‍ : നിയമന വിവാദത്തെത്തുടര്‍ന്ന് കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് ജനറല്‍ മാനേജര്‍ ദീപ്തി നിഷാദ് രാജിവെച്ചു. വ്യവസായമന്ത്രി ഇ പി ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മകന്റെ ഭാര്യയാണ് ദീപ്തി. ഇന്നുരാവിലെയാണ് ദീപ്തി രാജിക്കത്ത് എംഡിയ്ക്ക് കൈമാറിയത്. ബിരുദധാരിയായ ദീപ്തിയുടെ നിയമനത്തിനെതിരെ മൊറാഴ ലോക്കല്‍ കമ്മിറ്റി പാര്‍ട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയും നിയമനത്തില്‍ ജില്ലാ കമ്മിറ്റിയെ അതൃപ്തി അറിയിച്ചിരുന്നു. നേരത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവപ്പോള്‍, പുറത്താക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നായിരുന്നു ദീപ്തിയുടെയും കുടുംബത്തിന്റെയും പ്രതികരണം.

ബന്ധുനിയമനത്തില്‍ സിപിഐഎമ്മിലും പ്രതിഷേധം ശക്തമായിരുന്നു. ബന്ധുനിയമനത്തില്‍ നടപടി ഉണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു.