കൊല്ലപ്പെട്ടതോ ആത്മഹത്യ ചെയ്തതോ നാടുവിട്ടതോ? കാണാതായിട്ട് ആറുമാസം, ആയിരംപേരെ ചോദ്യം ചെയ്തു; ഇനി ജെസ്നയെ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസ് കൊല്ലപ്പെട്ടതോ ആത്മഹത്യ ചെയ്തതോ നാടുവിട്ടതോ…? .കാണാതായിട്ട് ആറുമാസം പിന്നീടിന്നു. ഇതിനോടകം 1000 പേരെ ചോദ്യം ചെയ്തു. എന്നിട്ടും പോലീസിന് ഒരു തുമ്പും കിട്ടിയില്ല. ഇനി ജെസ്‌നയെ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ കേസ് അന്വേഷിക്കുന്ന ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുളള പ്രത്യേകസംഘം തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്കു കൈമാറും.

കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകളാണു ജെസ്ന. കേസില്‍ വീട്ടുകാരെയും നാട്ടുകാരെയും ഉള്‍പ്പെടെ ആയിരത്തോളം പേരെ ഇതിനകം ചോദ്യംചെയ്തു. മുണ്ടക്കയത്തു സി.സി. ടിവിയില്‍ ജെസ്നയെപ്പോലൊരു പെണ്‍കുട്ടിയുടെ ദൃശ്യം പതിഞ്ഞതു മാത്രമാണ് ആകെക്കിട്ടിയ തുമ്പ്. ‘ഞാന്‍ മരിക്കാന്‍ പോകുന്നു’ (ഐ ആം ഗോയിങ് ടു ഡൈ) എന്നതാണു ജെസ്ന ഒരു സുഹൃത്തിന്റെ ഫോണിലേക്കയച്ച അവസാന സന്ദേശം.