തിരുവനന്തപുരം: പത്തനംതിട്ട റന്നിയില്‍ നിന്നും രണ്ടുവര്‍ഷം മുമ്പ് കാണാതായ ജസ്ന മരിയ ജെയിംസിനെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തിയെന്നും ജസ്ന ഗർഭിണിയെന്നും റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കര്‍ണാടകയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അന്യസംസ്ഥാനത്തുള്ളവരുടെ എണ്ണമെടുത്തിരുന്നു. ഈ പരിശോധനയിലാണ് ജസ്നയെയും കാമുകനെയും കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയെന്ന വാർത്തകൾ പുറത്തുവരുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തിലുള്ളവരുടെ പേരുവിവരങ്ങള്‍ കര്‍ണാടക പൊലീസിന് കൈമാറിയിരുന്നു. അവരുടെ പരിശോധനയിലാണ് ജസ്ന എന്ന പേര് കണ്ടെത്തിയത്. തുടർന്ന് കർണ്ണാടക പോലീസ് ഈ വിവരം കേരളാ പൊലീസിനെ അറിയിക്കുകയായിരുന്നു. നിലവില്‍ കേരളാ പൊലീസ് ഇവരുടെ അടുത്തേക്ക് എത്തിയിട്ടില്ല. പെണ്‍കുട്ടിയെ കാണാതായ സമയത്ത് ബംഗളൂരുവിലേക്ക് കടന്നിരിക്കാമെന്ന സംശയത്തിൽ കേരളാ പൊലീസ് അവിടെ പരിശോധന നടത്തിയിരുന്നു. മാത്രമല്ല പെണ്‍കുട്ടിയുമായി സാദൃശ്യമുള്ള വീഡിയോ ദൃശ്യങ്ങളും ബംഗളൂരു പൊലീസിന് കൈമാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കർണ്ണാടക പോലീസ് കേരള പോലീസിന് ഇത്തരമൊരു റിപ്പോർട്ട് നൽകിയത്.
കലാകൗമുദി പത്രം ബിഗ് ന്യൂസായി റിപ്പോർട്ട് ചെയ്ത വാർത്തയിലാണ് ജസ്ന ഗർഭിണിയാണെന്നും ബംഗലൂരുവിൽ നിരീക്ഷണത്തിലാണെന്നുമുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബി വി അരുൺ കുമാറാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവര്‍ ഗര്‍ഭിണിയാണെന്നാണ് പൊലീസ് നല്കുന്ന വിവരമെന്നും. ജസ്നയെയും കാമുകനെയും കര്‍ണാടക പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കാണാതായ സമയത്ത് ജസ്നയുടെ കാമുകനെന്നു പറഞ്ഞ് പത്തനംതിട്ട സ്വദേശിയായ യുവാവിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അയാള്‍ക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഒരേസമയം രണ്ടു പ്രണയമുണ്ടായിരുന്നതായും ബംഗളൂരുവിലുള്ള കാമുകനൊപ്പം ജസ്ന പോവുകയുമായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കർണ്ണാടക പോലീസിൽ നിന്നും നിന്നും ഏതാനും ആഴ്ചമുമ്പ് വിവരം കിട്ടിയതോടെ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി പത്തനംതിട്ട എസ്പി സൈമണിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ജസ്നയെ കണ്ടെത്തിയ വിവരം സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ ക്രൈംബ്രാഞ്ച് തയാറായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ജെസ്നയെ കണ്ടെത്തിയെന്ന വാർത്ത നിഷേധിച്ച് പത്തനംതിട്ട എസ് പി. കെ ജി സൈമൺ രംഗത്തെത്തിയിരുന്നു. പോസ്റ്റീവ് ആയ ചില വാർത്തകള്‍ പ്രതിക്ഷിക്കുന്നുവെന്നും എന്നാല്‍ ജസ്നയെ കണ്ടെത്തി എന്നുള്ള പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018 മാർച്ച് 20നാണ് മുക്കുട്ടുതറയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോയ ജസ്നയെ കാണാതായത്. ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നല്കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തിയിരുന്നു. ജെസ്നയെ കണ്ടെത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് വരുന്നുണ്ടെങ്കിലും ജെസ്ന ഇന്നും കേരളത്തിന് ചോദ്യ ചിഹ്നമായി തുടരുകയാണ്.