ജസ്‌നയെക്കുറിച്ച് നടക്കുന്നത് അപവാദപ്രചാരണങ്ങള്‍; ആരും സഹായിക്കേണ്ടെന്നും അപവാദപ്രചാരണം നിര്‍ത്തിയാല്‍ മതിയെന്നും സഹോദരി

കോട്ടയം: മുക്കൂട്ടുതറ കൊല്ലന്മുളയില്‍ നിന്ന് കാണാതായ ജസ്‌നയെക്കുറിച്ച് നടക്കുന്ന അപവാദ പ്രചാരണം നടക്കുന്നെന്ന ആരോപണവുമായി സഹോദരി ജെസി. തിരോധാനം സംബന്ധിച്ച് നടക്കുന്നത് അപവാദ പ്രചാരണമാണെന്ന് ജസ്‌നയുടെ സഹോദരി ജെസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. സഹോദരിയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ കൂടുതല്‍ തളര്‍ത്തുന്ന വിധത്തിലാണ് പലരും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അതില്‍നിന്ന് പിന്മാറണമെന്നും ജെസി ആവശ്യപ്പെട്ടു.

പലയിടത്തു നിന്നും ലഭിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പലരും കഥകള്‍ മെനയുകയാണ്. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയ്യാറാകുന്നില്ല. പിതാവിനെക്കുറിച്ച് മോശമായി പലരും സംസാരിക്കുന്നു. തനിക്കും ജ്യേഷ്ടനും പിതാവിനെ പൂര്‍ണ വിശ്വാസമാണ്. പത്തു മാസം മുമ്പ് അമ്മ മരിച്ചതിന് ശേഷം വളരെ കരുതലോടെയാണ് പപ്പ തങ്ങളെ ശ്രദ്ധിക്കുന്നതെന്നും ജസ്‌ന തിരിച്ചുവരുമെന്നു തന്നെയാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതെന്നും ജെസി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ജസ്‌നയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുന്നു. ആരോപണങ്ങള്‍ പോലീസ് അന്വേഷണത്തെയും വഴിതിരിച്ചുവിടുന്നുണ്ടെന്നും ജെസി പറഞ്ഞു. തങ്ങളെ സഹായിക്കാന്‍ ഇനി ആരും വീട്ടിലേക്ക് വരേണ്ടെന്നും കുടുംബത്തെ തളര്‍ത്തുന്ന വിധത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടാവരുതെന്നും ജെസി ആവശ്യപ്പെട്ടു.

Posted by Jais John James on Friday, June 8, 2018

അതെസമയം, ജെസ്‌നയ്ക്കായുള്ള അന്വേഷണത്തില്‍ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ വിവരശേഖരണ പെട്ടി സ്ഥാപിക്കുകയാണ് പൊലീസ്. ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്‌നയുടെ സ്ഥലമായ മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയിടങ്ങളിലാണു വിവരശേഖരണപ്പെട്ടി വയ്ക്കുന്നത്. ജെസ്‌നയെ കാണാതായതിനെ പറ്റി പല അഭിപ്രായങ്ങളും നാട്ടില്‍ പരക്കുന്നുണ്ടെങ്കിലും ആരും പൊലീസിനെ അറിയിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണിത്.

Top