ജുവൽ മേരി വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു. മമ്മൂട്ടിയുടെ പത്തേമാരിയിൽ നായികയായി അരങ്ങേറ്റം കുറിച്ച ജുവലിന് തന്റെ ആദ്യ ചിത്രം റിലീസാകുന്നതിനു മുൻപാണ് രണ്ടാമത്തെ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. കമലിന്റെ ഇതുവരെ പേരിടാത്ത മമ്മൂട്ടി ചിത്രത്തിലാണ് ജുവൽ നായികയാകുന്നത്. ഗ്രാൻഡ്ഫിലിം കോർപ്പറേഷന്റെ ബാനറിൽ ഹനീഷ്,നൗഷാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കമൽ സിനിമ ഏപ്രിൽ 25ന് തൊടുപുഴയിൽ ആരംഭിക്കും.
സലിംകുമാർ, ടിനി ടോം, ചെമ്പൻ വിനോദ് ജോസ്, ടി. ജി രവി, മാമുക്കോയ, കെ. പി . എ.സി ലളിത, സേതു ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. പി. എസ് റഫീക്ക് തിരക്കഥയും ഗാനങ്ങളും ഒരുക്കുന്നു. കറുത്ത പക്ഷികൾ എന്ന സിനിമയ്ക്കു ശേഷമാണ് മമ്മൂട്ടിയും കമലും വീണ്ടും കൈകോർക്കുന്നത്.
അതേസമയം, മാർത്താണ്ഡന്റെ അച്ഛാ ദിൻ എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. തമിഴ് നടൻ കിഷോർ അതിശക്തമായ കഥാപാത്രമായി മമ്മൂട്ടിയോടൊപ്പമുണ്ട്.ഇമ്മാനുവേലിലൂടെ വന്ന എ. സി വിജിഷിന്റേതാണ് തിരക്കഥ. കമൽ സിനിമ കഴിഞ്ഞാൽ ഉദയ് അനന്തന്റെ സിനിമയാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറായ ഡിക്‌സൻ പൊടുത്താസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.