ജിബിനെ രാത്രിയില്‍ വിളിച്ചുവരുത്തിയത് യുവതിയുടെ ഫോണില്‍ നിന്ന് മെസേജ് അയച്ച്, കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു

കൊച്ചി: പാലച്ചുവട്ടിലെ സദാചാര കൊലപാതകത്തില്‍ ചക്കരപറമ്പ് സ്വദേശിയായ ജിബിന്‍ വര്‍ഗീസിനെ പ്രതികള്‍ തന്ത്രപൂര്‍വം വാഴക്കാലയിലെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ്.  വിവിധസംഘങ്ങായി തിരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘത്തിലെ ഏഴുപ്രതികളേയും അറസ്റ്റുചെയ്തത്. മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ച പാലച്ചുവട്ടില്‍ കണ്ട അപകടമരണമെന്ന് തോന്നിപ്പിക്കുന്ന സംഭവത്തിനുപിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് ആസൂത്രിത കൊലപാതകം വെളിച്ചത്ത് കൊണ്ടുവന്നത്. പാലച്ചുവട്ടില്‍ സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തൊട്ടടുത്ത് ഒരു യുവാവിനെ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടകാര്യവും അറിയച്ചതോടെ  കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടമരണമല്ലെന്ന് പ്രാഥമീക പരിശോധനയില്‍ തന്നെ വ്യക്തമായതോടെ പൊലീസ് കൊലപാതക സാധ്യത തേടി അന്വേഷണമാരംഭിച്ചു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. മൃതദേഹത്തില്‍ ഗുരുതരമായ പരുക്കുകള്‍ കണ്ടെത്തിയതോടെ മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശരീരത്തില്‍ നടത്തിയ പരിശോധനയില്‍ ജിബിന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചറിഞ്ഞു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ വാഴക്കാല സ്വദേശി അസീസിന്റെ നേതൃത്വത്തില്‍ ജിബിനെ വീടിന്റെ ഏണിപ്പടിയില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്  കണ്ടെത്തി. പന്ത്രണ്ടരയോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി  വീട്ടുകാരും ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്നാണ് ജീബിനെ ക്രൂരമായി മര്‍ദിച്ചത്. രണ്ട് മണിക്കൂറിലേറെ നീണ്ട മര്‍ദനത്തില്‍ വാരിയെല്ലിനുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ ജിബിന്‍ അവിടെവച്ച് മരിക്കുകയായിരുന്നു.  അസീസിന്റെ മകന്‍ മനാഫ്, മരുമകന്‍ അനീസ് എന്നിവര്‍ക്കൊപ്പം, ബന്ധുക്കളും അയല്‍വാസികളും മര്‍ദനത്തില്‍ പങ്കാളികളായി.

Loading...

ജിബിന്റെ  മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഒളിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമം. പ്രതികളിലൊരാളായ അലിയുടെ ഓട്ടോറിക്ഷയില്‍  ജിബിന്റെ മൃതദേഹം കയറ്റി. ബൈക്കിലും കാറിലും മറ്റുള്ളവര്‍ ഇവരെ അനുഗമിച്ചു. പാലച്ചുവട്ടിലെത്തിയപ്പോള്‍ റോഡരികില്‍ മൃതദേഹം ഉപേക്ഷിച്ചു. അപകടമെന്ന് വരുത്തി തീര്‍ക്കാന്‍ ജിബിന്റെ സ്‌കൂട്ടറും സമീപത്ത് മറിച്ചിട്ടു . മൃതദേഹവും മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തെളിവുകളെല്ലാം നശിപ്പിച്ചെന്ന വിശ്വാസത്തില്‍ പ്രതികളെല്ലാം പുലര്‍ച്ചയോടെ  മടങ്ങി. മൃതദേഹം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.കൊലയ്ക്കുശേഷം പ്രതികളെല്ലാം കൂടി ആലോചിച്ചാണ് മൃതദേഹം ഓട്ടോയില്‍ കയറ്റുന്നതും മറ്റുള്ളവര്‍ അനുഗമിക്കുന്നതും. കേസിലെ മറ്റുപ്രതികളും ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ്  ജിബിനെ പ്രതികള്‍ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരുളുടെ ഭാര്യയുമായുള്ള ജിബിന്റെ ബന്ധത്തെ തുടര്‍ന്നാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. യുവതിയുടെ ഫോണില്‍ നിന്ന് തന്നെ മെസേജ് അയപ്പിച്ച് ജിബിനെ വിളിച്ചുവരുത്തുകയായിരുന്നു. രാത്രി പന്ത്രണ്ടരയോടെ യുവതിയുടെ വീടിന്റെ പുറകിലെത്തിയ ജിബിന്‍ സ്‌കൂട്ടര്‍ ഒതുക്കി വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു അക്രമിസംഘം പിടികൂടിയത്. എല്ലാവരും മാറിമാറി മര്‍ദിച്ചതോടെയാണ് ജിബിന്‍ മരിച്ചത്. ജിബിന്‍ വീട്ടിലെത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായി തെളിവുകള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജിബിന്റെയും യുവതിയുടേയും ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. അയല്‍വാസികളുടെ സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചു.