​ഗുജറാത്ത് എംഎൽഎ ജി​ഗ്നേഷ് മേവാനി വീണ്ടും അറസ്റ്റിൽ; മറ്റൊന്നിൽ ജാമ്യം ലഭിച്ചു

ദില്ലി/ ഗുവാഹത്തി: കോൺ​ഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിയെ വീണ്ടും മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. നരേന്ദ്രമോദിക്കെതിരെ ട്വീറ്റിട്ടതിൻറെ പേരിൽ റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ മേവാനിക്ക് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. ഗുവാഹത്തി കോടതിയാണ് മേവാനിക്ക് ജാമ്യം അനുവദിച്ചത്. തൊട്ടുപിന്നാലെ തന്നെയാണ് മറ്റൊരു കേസിൽ ജി​ഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്യുന്നത്.ഗുജറാത്തിലെ ബനസ്കന്ധയിലെ വദ്ഗാമിൽ നിന്നുള്ള സ്വതന്ത്ര ദളിത് എംഎൽഎയാണ് ജി​ഗ്നേഷ് മേവാനി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വരുന്ന അതേ ദിവസമായിരുന്നു മേവാനി അറസ്റ്റിലായത്. അസമിലെ ഗുവാഹത്തിയിൽ റജിസ്റ്റർ ചെയ്ത കേസിൽ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു.

പുതുതായി ഏത് കേസിലാണ് മേവാനിയെ അറസ്റ്റ് ചെയ്തതെന്ന് നിലവിൽ വ്യക്തമായിട്ടില്ല. അസമിലെ ബർപേട്ടയിൽ നിന്നുള്ള പൊലീസാണ് നേരത്തേ മേവാനിയെ അറസ്റ്റ് ചെയ്യാനെത്തിയത്. തന്നെ അറസ്റ്റ് ചെയ്തത് മോദിയുടെ പ്രതികാരരാഷ്ട്രീയത്തിൻറെ തെളിവാണെന്ന് നേരത്തേ മേവാനി പ്രതികരിച്ചിരുന്നു. അസമിലെ കൊക്രഝാറിൽ നിന്നുള്ള പ്രാദേശിക ബിജെപി നേതാവ് അരൂപ് കുമാർ ഡേ നൽകിയ പരാതിയിലാണ് നേരത്തേ മേവാനിയെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, ആരാധനാലയത്തെച്ചൊല്ലി പ്രകോപനപരമായ പ്രസ്താവനകൾ നടത്തി, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തേ അറസ്റ്റ് രേഖപ്പെടുത്തിയത്.

Loading...

2021 സെപ്റ്റംബറിൽ ജിഗ്നേഷ് മേവാനി കോൺഗ്രസിന് തൻറെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന മേവാനി, ദളിത് അധികാർ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയപാർട്ടിയുടെ കൺവീനർ കൂടിയാണ്. മേവാനിയുടെ ചില ട്വീറ്റുകൾ ഈയിടെ, കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.