തനിക്കെതിരായ കേസുകൾക്ക് പിന്നിൽ നരേന്ദ്രമോദിയുടെ ഓഫീസ്; ജി​ഗ്നേഷ് മേവാനി

ദില്ലി: നരേന്ദ്രമോദി തനിക്കെതിരെ നടത്തുന്നത് പകപോക്കൽ ആണെന്ന് കോൺ​ഗ്രസ് എംഎൽഎ ജി​ഗ്നേഷ് മേവാനി.തനിക്കെതിരായ കേസുകൾക്ക് പിന്നിൽ നരേന്ദ്രമോദിയാണ്. രാഷ്ട്രീയ പക പോക്കൽ ആണ് മോദി നടത്തുന്നത്. ഇത് ​ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ജി​ഗ്നേഷ് മേവാനി. വനിത പൊലീസിനെ ഉപദ്രവിച്ചുവെന്ന കേസിലെ എഫ്ഐആർ കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ടു കഴിഞ്ഞു. കേസ് കൊടുത്ത വനിത പോലീസിനെതിരെ കേസ് കൊടുക്കാൻ തൻറെ സംസ്കാരം അനുവദിക്കുന്നില്ലെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റിട്ടതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ അസം പൊലീസ് രണ്ടാമതും മേവാനിയെ അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഉദ്യോ​ഗസ്ഥരെ അപമാനിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഈ കേസിലും ജിഗ്നേഷ് മേവാനിക്ക് ജാമ്യം ലഭിച്ചു.ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വരുന്ന അതേ ദിവസമായിരുന്നു മേവാനി ആദ്യം അറസ്റ്റിലായത്. അസമിലെ ഗുവാഹത്തിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു.

Loading...