ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് ബി.എ ആളൂര്‍

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂര്‍. ആളൂരിനെ തന്റെ അഭിഭാഷകനായി നിയമിക്കണമെന്ന അമീറുളിന്റെ ആവശ്യം പെരുമ്പാവൂര്‍ കോടതി അംഗീകരിച്ചു. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടിയും ബി.എ ആളൂരാണ് കോടതിയില്‍ ഹാജരായത്. കേസില്‍ ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി ശരിവെച്ച വധശിക്ഷ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. തനിക്ക് അഭിഭാഷകനായി ആളൂരിനെ വേണമെന്ന് അമീറുള്‍ ഇസ്ലാം വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് മുഖേനെയാണ് അമീറുള്‍ അപേക്ഷ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. ഹിന്ദി അറിയുന്ന അഭിഭാഷകനെ വേണമെന്നും അമീറുള്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.