ജെഎന്‍യു സംഭവം: വി.സി സ്ഥാനമൊഴിയണമെന്ന് വിദ്യാര്‍ഥികള്‍; പ്രശ്നങ്ങള്‍ക്കുകാരണം വിദ്യാര്‍ഥികളെന്ന് വി.സി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥികള്‍ക്കു നേരെ മുഖംമൂടി സംഘം രാത്രിയില്‍ നടത്തിയ അതിക്രൂര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിസി എം ജഗദേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അധ്യാപക സംഘടനയുടെ കത്ത്.ക്യാമ്ബസില്‍ നടന്ന ആക്രമണങ്ങളെ ചെറുക്കുന്നതിന് വേണ്ട ഇടപെടല്‍ വിസിയില്‍ നിന്നുണ്ടായില്ലെന്ന ആക്ഷേപത്തിന് പിന്നാലെയാണ് അധ്യാപക സംഘടനയുടെ ഇടപെടല്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു അധ്യാപകര്‍ ആവശ്യപ്പെട്ടത്.

അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിസി രാജിവെക്കണമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു. വിസി ഭീരുവിനെ പോലെ പെരുമാറിയെന്നും വിസി രാജിവെക്കും വരെ സമരം തുടരുമെന്നും യൂണിയന്‍ അറിയിച്ചിട്ടുണ്ട്. വിസി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണമെന്നാണ് യൂണിയന്റെ ആവശ്യം.

Loading...

അതേസമയം ജെഎന്‍യുവിലെ അക്രമസംഭവങ്ങള്‍ക്ക് തുടക്കമിട്ടത് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് വൈസ് ചാന്‍സിലര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികള്‍ കലാപം അഴിച്ചുവിട്ടെന്നും സമരത്തില്‍ പങ്കെടുക്കാത്ത വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയെന്നും വൈസ് ചാന്‍സലര്‍ എം. ജഗദേഷ് കുമാര്‍ ആരോപിച്ചു. ഇതാണ് നിലവിലെ സാഹചര്യങ്ങളിലേക്ക് നയിച്ചതെന്നും വിസി കൂട്ടിച്ചേര്‍ത്തു.

അതേസമയം ജെഎന്‍യുവില്‍ ഇന്നലെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്ബസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു.