സൗദിയില്‍ പ്രതിദിനം തൊഴില്‍ നഷ്ടമാകുന്നത് 400 ലേറെ മലയാളികൾക്ക്…കാരണങ്ങൾ ഇതൊക്ക

മലയാളികളെ വീണ്ടും ഞെട്ടിച്ചുകൊണ്ട് സൗദിവല്‍ക്കരണം ഊര്‍ജിതമായതോടെ തൊഴില്‍ നഷ്ടമാകുന്ന മലയാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. അനുദിനം ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം 400 കടക്കുമെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 20 ലക്ഷത്തോളം വിദേശികളാണു സൗദി അറേബ്യ വിട്ടത്.

തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണു സൗദിവല്‍കരണം. ഇതിന്റെ ഫലമായി സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷാദ്യം തൊഴിലില്ലായ്മ 12.9 ശതമാനമായിരുന്നു.

Loading...

വിദേശ തൊഴിലാളികള്‍ അടുത്ത മാസം മുതല്‍ കൂടുതല്‍ ലെവിയും അടയ്ക്കണം. 50 ശതമാനത്തിലധികം സൗദി പൗരന്മാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശികള്‍ പ്രതിമാസം 700 റിയാല്‍(ഏകദേശം 13,373 രൂപ) അടയ്ക്കണം.

50 ശതമാനത്തില്‍ താഴെ സ്വദേശികളുള്ള സ്ഥാപനങ്ങളില്‍ ഇത് 800 റിയാല്‍(ഏകദേശം 15,283 രൂപ) ആയി ഉയരും. ഒപ്പം തൊഴിലാളിയുടെ ഇഖാമ (താമസാനുമതി രേഖ ) പുതുക്കുന്നതിന് 650 റിയാല്‍(ഏകദേശം 12,417 രൂപ) ആണ് അടയ്‌ക്കേണ്ടത്. ആരോഗ്യ ഇന്‍ഷുറന്‍സും ലെവിയുമടക്കം രണ്ടുലക്ഷത്തിലധികം രൂപ പ്രതിവര്‍ഷം സൗദി സര്‍ക്കാരിനു നല്‍കണം.

ലെവി കൂട്ടിയതോടെ നിരവധി വിദേശകമ്പനികള്‍ രാജ്യംവിട്ടുപോയി. ഇതും മലയാളിയുടെ തൊഴില്‍ നഷ്ടത്തിനു കാരണമായി. പലര്‍ക്കും ആനുകൂല്യങ്ങള്‍ പോലും ലഭിച്ചില്ല. 2018 ജനുവരി ഒന്നിനാണു രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികള്‍ക്കും ലെവി കൊണ്ടുവന്നത്.

ഇതോടെ രാജ്യത്ത് നിരവധി ഫാക്ടറികള്‍ പൂട്ടിപ്പോയി. തുടര്‍ന്നു കഴിഞ്ഞ ഒക്‌ടോബര്‍ ഒന്ന് മുതല്‍ വ്യവസായ ലൈസന്‍സുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ലെവി അടക്കേണ്ടതില്ല എന്ന നിയമം കൊണ്ടുവന്നു. ലെവി തുക അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ തന്നെ വഹിക്കാനാണു മന്ത്രിസഭ തീരുമാനിച്ചത്. ഇതു മലയാളികള്‍ക്കു നേരിയ ആശ്വാസമാകുന്നുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളെ സൗദിവല്‍ക്കരണ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ചുവപ്പ്, മഞ്ഞ, പച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളായി തരം തിരിക്കുന്നതാണു നിതാഖാത്ത് പദ്ധതി. സൗദിവല്‍ക്കരണത്തിന്റെ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തില്‍നിന്നുള്ള സേവനങ്ങള്‍ വിലക്ക് വരും. സ്വദേശിവല്‍ക്കരണം പാലിച്ച് പച്ച, പ്ലാറ്റിനം വിഭാഗങ്ങളില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും .

പച്ച വിഭാഗം സ്ഥാപനങ്ങളെ ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച എന്നിങ്ങനെ വീണ്ടും മൂന്നായി തരം തിരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആനുകൂല്യത്തിനായി സ്ഥാപനങ്ങള്‍ മത്സരിക്കുമ്പോള്‍ പുറത്താകുന്നത് മലയാളികളാണ്.

മഞ്ഞ വിഭാഗത്തിലായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാകില്ല. ഇത്തരം സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും പുതിയ വിസയില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും അനുവദിക്കില്ല.വര്‍ക്ക് പെര്‍മിറ്റ് പുതുക്കാതെ വിദേശ തൊഴിലാളികളുടെ താമസാനുമതിരേഖ (ഇഖാമ ) പുതുക്കാനും കഴിയില്ല.

ഇതിനിടെ, റെഡിമെയ്ഡ്‌സ്, പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പറ്റ് തുടങ്ങി 12 ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മൂന്നു ഘട്ടങ്ങളിലായി നേരത്തെ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിരുന്നു.

രാജ്യത്ത് കൂടുതല്‍ മേഖലയിലേക്കും സ്വദേശിവല്‍കരണം നടപ്പാക്കുന്നതിനായി കര്‍ശന പരിശോധനയും നടന്നുവരികയാണ്. നിയമ ലംഘകര്‍ക്കു കടുത്ത പിഴയാണ് ലഭിക്കുക.