ഫ്ലളവേഴ്സ് ടിവിയിലെ ‘സ്റ്റാര്‍ മാജിക്’ പരിപാടിക്കിടെ ‘ലാലപ്പന്‍’ എന്ന് വിളിച്ച് മോഹന്‍ലാലിനെ അപമാനിച്ചെന്ന് ആരാധകർ: ക്ഷമ ചോദിച്ച് ജോബി പാലാ

ഫ്ലളവേഴ്സ് ടിവിയിലൂടെ സംപ്രേക്ഷണം ചെയ്തു വരുന്ന സ്റ്റാർ മാജിക്കിൽ മോഹന്‍ലാലിനെ അപമാനിച്ചെന്ന ആരാധകരുടെ പരാതിയോട് പ്രതികരിച്ച് മിമിക്രി കലാകാരന്‍ ജോബി പാല രം​ഗത്ത്. ഫ്ളവേഴ്‌സ് ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോബിയുടെ ക്ഷമാപണം. ജോബിക്ക് പറയാനുള്ളത് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ചാനൽ പുറത്തുവിട്ടത്.

ജോബിയുടെ വാക്കുകൾ ഇങ്ങനെ – സ്റ്റാര്‍ മാജിക്കിൽകഴിഞ്ഞ ദിവസം ഒരു എപ്പിസോഡ് ചെയ്യുകയുണ്ടായി. താരരാജാവായ മോഹന്‍ലാലിന്റെ കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോള്‍, മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന ആളുകളുടെ മനസിനെ വേദനിപ്പിക്കുന്ന വാക്കുണ്ടായി എന്ന് എപ്പിസോഡ് കഴിഞ്ഞതിന് ശേഷമാണ് മറ്റുള്ളവര്‍ പറഞ്ഞ് അറിഞ്ഞത്. ഒരുപാട് പേര്‍ക്ക് ദു:ഖമുണ്ടായി എന്ന് അറിഞ്ഞു. ഒത്തിരി കോളുകള്‍ എനിക്ക് വന്നു. എനിക്കും വലിയ ദു:ഖമുണ്ടായി. ഒരു സ്‌കിറ്റ് അല്ലെങ്കില്‍ കോമഡി പ്രോഗ്രാം ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കാന്‍ വേണ്ടിയാണ്. ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എല്ലാവരേയും സന്തോഷിപ്പിക്കലാണ് കലാകാരന്റെ ഉത്തരവാദിത്തമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അത് വേദനയുണ്ടാക്കുന്നതായിപ്പോയതില്‍ ഞാന്‍ ഖേദിക്കുന്നു. ക്ഷമ ചോദിക്കുന്നു. എന്നോട് ക്ഷമിക്കണമേ. ആര്‍ക്കും ഒരു വേദനയുമുണ്ടാകല്ലേ. ചെറിയ കലാകാരന് പറ്റിയ അബദ്ധമായി കാണണേ എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നന്ദി.

അതേസമയം മോഹന്‍ ലാലിനെ അപമാനിച്ചെന്ന ആരാധകരുടെ പരാതികളേത്തുടര്‍ന്ന് മാപ്പ് അപേക്ഷയുമായി ഫഌവേഴ്‌സ് ചാനലും രം​ഗത്തെത്തി. ‘സ്റ്റാര്‍ മാജിക്’ എന്ന പരിപാടിയില്‍ മോഹന്‍ലാലിനേക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മോഹന്‍ലാല്‍ ആരാധകരെ വേദനിപ്പിച്ചതായി അറിയുന്നു. ഞങ്ങള്‍ മോഹന്‍ലാലിന്റെ വലിയ ആരാധകരും അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കുന്നവരുമാണ്. എപ്പിസോഡിലൂടെ വികാരം വ്രണപ്പെട്ടവരോട് മാപ്പ് ചോദിക്കുന്നു എന്നാണ് ചാനൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്.

Loading...