ഇന്ത്യക്ക് പൂര്‍ണ പിന്തുണ; മോദിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ ബൈഡന്റെ ട്വിറ്റ്

വാഷിങ്ടണ്‍: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ബൈഡന്റ് ട്വിറ്റ് എത്തിയത്. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തും. ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.

Loading...

തങ്ങളുടെ അധികാരപരിധിക്കുള്ളില്‍ നല്‍കാവുന്ന ഏതൊരു പിന്തുണയും ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. അത് ഉറപ്പുവരുത്തുന്നതിനായി ഇന്ത്യാ സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും ഈ കൂട്ടായ പരിശ്രമങ്ങള്‍ പരസ്പരം സമന്വയിപ്പിക്കും. ഈ പ്രതിസന്ധി ലഘൂകരിക്കുന്നത് ഉറപ്പാക്കാന്‍ സഖ്യകക്ഷികളേയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളേയും ഏകോപിപ്പിക്കുന്നത് തുടരുമെന്നും കിര്‍ബി വ്യക്തമാക്കി.

അതേസമയം എത്രയും വേഗം ഇന്ത്യക്ക് ആവശ്യമായ കൊവിഡ് സഹായം എത്തിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. എട്ട് ഓക്‌സിജന്‍ ജനറേറ്റകളും 28 വെന്റിലേറ്ററുകളും ദ്രവ്യ ഓക്‌സിജനുമാണ് ആദ്യ ഘട്ടത്തില്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറുന്നത്. ഈ ആഴ്ച തന്നെ ഫ്രാന്‍സിന്‍ നിന്നും പുറപ്പെട്ട ഉപകരണങ്ങള്‍ ഇന്ത്യയില്‍ എത്തുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പത്തുവര്‍ഷം വരെ ഓക്‌സിജന്‍ നിര്‍മിക്കാന്‍ പ്രാപ്തിയുള്ളതാണ് ഫ്രാന്‍സിന്‍ നിന്നെത്തുന്ന മെഡിക്കല്‍ ഓക്‌സിജന്‍ ജനറേറ്ററുകള്‍.