വന്‍ കളക്ഷനോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന പ്രേമം എന്ന ന്യൂജനറേഷന്‍ സിനിമയുടെ സെന്‍സര്‍ പതിപ്പ് പുറത്തായതിനു പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടായിട്ടുണ്ടെന്ന് നിസംശയം പറയാം. ഒന്നിലധികം വെബ്‌സൈറ്റുകളിലും ടോറന്റിലും അപ്‌ലോഡ് ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും പ്രേമംപ്രചരിക്കുന്നത്. സെന്‍സര്‍ കോപ്പി എന്ന് വാട്ടര്‍ മാര്‍ക്കുള്ള 12 ചെറു ക്ലിപ്പുകളായിട്ടാണ് ചിത്രം പ്രചരിക്കുന്നത്. പ്രേമത്തിന്റെ ഇപ്പോഴത്തെ പോക്ക് കണ്ട് ആകുലരായ വലിയൊരു വിഭാഗം ഇതിന്റെ പിന്നിലുണ്ടെന്ന് ചില ഘടകങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാം.
നിവിന്‍ പോളി എന്ന നടന്റെ അഭിനയ ചാതുര്യവും അല്‍ഫോണ്‍സ് പുത്രനെന്ന സംവിധായകന്റെ കഴിവും പ്രേമത്തിന്റെ വിജയത്തിലെ പ്രധാന ചേരുവയാണെന്ന പ്രേമത്തിന്റെ വ്യാജപതിപ്പ് ചോര്‍ത്തിയവരുടെ മനസിലുണ്ടായ തിരിച്ചറിവ് ഇവിടെ കണാതെ പോകാനാവില്ല. ആരുടെയൊക്കെ നിലവിലെ നിലനില്‍പ്പിനെയാണ് പ്രേമം ബാധിക്കുകയെന്ന് ആലോചിച്ചാല്‍ ഇത് വ്യക്തമാകും.
നിരവധി കലാകാരന്‍മാരുടെ മാസങ്ങള്‍ നീണ്ട പ്രയത്‌നങ്ങള്‍ ഇത്തരത്തിലുള്ള കള്ളന്‍മാരുടെ ചെയ്തികളിലൂടെ പാഴാവുന്നത് നമ്മള്‍ സിനിമാ പ്രേക്ഷകര്‍ പൊളിച്ചടുക്കണം. അതിനായി പ്രേക്ഷകര്‍ക്കും ചില ഉത്തരവാദിത്വം ഉണ്ട്. ആ ഉത്തരവാദിത്വം മാന്യപ്രേക്ഷകര്‍ ഏറ്റെടുത്തേ മതിയാകൂ അല്ലെങ്കില്‍ തകരുന്നത് ഒരു സിനിമ മാത്രമല്ല ഒരു സിനിമാലോകം തന്നെയായിരിക്കും.
പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി തന്നെയാണ് ഇവിടെ പുറത്തായത്. അതിന്റെ ഉറവിടം കണ്ടെത്തി ഇതിനു കൂട്ടുനില്‍ക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുവാന്‍ അധികാരികളുടെ ജാഗ്രത കൂടിയേ തീരൂ. പ്രേമത്തിന്റെ വ്യാജ പതിപ്പുകള്‍ക്കെതിരെ ആന്റി പൈറസി സെല്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് വാട്ട്‌സ്ആപ്പില്‍ സിനിമയുടെ പൂര്‍ണരൂപം ക്ലിപ്പുകളായി പ്രചരിക്കുന്നത്. ഈ കോപ്പികളില്‍ ഒന്നും തന്നെ പശ്ചാത്തല സംഗീതം മിക്‌സ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കോപ്പി ലീക്കായിരിക്കുന്നത് സ്റ്റുഡിയോകളില്‍ നിന്നു തന്നെയല്ലേ!
കഴിഞ്ഞ ദിവസം സ്റ്റുഡിയോ അധികൃതരുടെ പ്രസ്താവന കണ്ടു, സെന്‍സറിന് മുമ്പ് ഫയല്‍ ട്രാന്‍സഫറിംഗ് ആവശ്യത്തിനായാണ് അണിയറപ്രവര്‍ത്തകര്‍ വന്നതെന്നും ഫയല്‍ ഓപ്പണ്‍ ചെയ്തതിന് പിന്നാലെ സംവിധായകന്റെ സാന്നിധ്യത്തില്‍ കോപ്പി ഡിലീറ്റ് ചെയ്തതുമാണെന്ന്. ഡിലീറ്റ് ചെയ്ത ഫയലുകള്‍ തന്നെ ഇന്നത്തെ കാലത്ത് തിരിച്ചെടുക്കാവുന്ന സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ പ്രസ്താവന തന്നെ ഒരു സാധാരണക്കാരനില്‍ പോലും സംശയങ്ങള്‍ ഉണരും. പ്രേമത്തിന്റെ വ്യാജപതിപ്പ് ചോര്‍ത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ കാര്യക്ഷമമാകണം. ഇതിനു പിന്നിലെ ആരുതന്നെയായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിവുള്ള അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ നമുക്കുണ്ട്. വെബ്‌സൈറ്റുകളിലും വാട്ട്‌സ്ആപ്പിലും പ്രേമം പ്രചരിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കാത്തത് ആന്റി പൈറസി സെല്ലിന് നാണക്കേടുതന്നെ.
പ്രേമത്തിന്റെ വ്യാജ സീഡി പുറത്തായതിനു ശേഷം പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് വിസ്മരിക്കുന്നില്ല. എന്നാല്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ കിട്ടത്തക്ക വിധം നമ്മുടെ നിയമ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇനിയും നിരവധി ‘പ്രേമ’ങ്ങള്‍ക്കും ഈ ഗതി വരാം. അതുകൊണ്ട് ഇനി ഒരു ‘പ്രേമ’വും തകരാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഉണരട്ടെ.