കുട്ടികൾക്കായുള്ള ഒറ്റ ഡോസ് വാക്‌സിന്റെ അനുമതിക്കായി ജോൺസൺ ആൻഡ് ജോൺസൺ അപേക്ഷ സമർപ്പിച്ചു. 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സിൻ പരീക്ഷണ അനുമതിക്കാണ് കമ്പനി കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചത്.അടുത്ത മാസം മുതൽ കുട്ടികൾക്കും വാക്സിൻ നൽകാൻ കഴിയുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കം.
അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 36,571 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.540 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 36,555 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി.മാർച്ച് മാസത്തിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയുന്ന ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്. 150 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.3,63,605 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. തുടർച്ചയായ 25ആം ദിവസവും രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. നിലവിൽ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്.അതേസമയം കഴിഞ്ഞ ദിവസം 50 ലക്ഷത്തോളം ഡോസ് കോവിഡ് വാക്‌സിൻ ആണ് വിതരണം ചെയ്തത് . ഇതോടെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 57 കോടി കവിഞ്ഞു.