ജോളി പണയം വയ്ക്കാൻ ജോൺസനെ ഏൽപ്പിച്ചത് സിലിയുടെ സ്വർണം തന്നെയെന്നു സ്ഥിരീകരണം

ജോളി ജോസഫ് പണയം വയ്ക്കാൻ സുഹൃത്ത് ജോൺസനെ ഏൽപ്പിച്ചത് സിലിയുടെ സ്വർണം തന്നെയെന്നു സ്ഥിരീകരണം. സിലിയുടെ മരണശേഷം ജോളി ഏൽപ്പിച്ച എട്ടേകാൽ പവൻ സ്വർണം ജോൺസൻ ഇന്നലെ അന്വേഷണ സംഘത്തിനു കൈമാറി. ഇതിൽ മാലയും വളയും സിലിയുടേതാണെന്നു സഹോദരനും മറ്റു ബന്ധുക്കളും തിരിച്ചറിഞ്ഞു. മറ്റു മൂന്നു ബാങ്കുകളിലായി ജോളി പണയം വച്ചിരുന്നതിലും സിലിയുടെ സ്വര്‍ണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ വടകര തീരദേശ സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരായപ്പോഴാണ് ജോൺസൻ ആഭരണങ്ങൾ കൈമാറിയത്. സ്ഥിരീകരണത്തിനായി സഹോദരൻ സിജോ, സഹോദരി, സിജോയുടെ ഭാര്യ എന്നിവരെ പൊലീസ് ഇവിടേക്കു വിളിച്ചുവരുത്തിയിരുന്നു. ഇവർ ശരിവച്ചതോടെ കൊലക്കേസിൽ നിർണായക തെളിവായി ഈ ആഭരണങ്ങൾ മാറും.

Loading...

തന്റെ സ്വർണമാണെന്നു വിശ്വസിപ്പിച്ചാണ് ജോളി പണയം വയ്ക്കാനായി നൽകിയതെന്നു ജോൺസൻ നേരത്തേ അറിയിച്ചിരുന്നു. പുതുപ്പാടിയിലെ സഹകരണ ബാങ്കിലായിരുന്നു ഇതു വച്ചത്.

പണയമെടുത്ത് സ്വര്‍ണം കയ്യില്‍ സൂക്ഷിച്ചിരുന്നെങ്കിലും ജോളിയുടെ അറസ്റ്റുണ്ടായതിനാല്‍ കൈമാറാന്‍ കഴിഞ്ഞില്ലെന്നും അറിയിച്ചിരുന്നു. ഇന്നലെ രാവിലെ വടകര തീരദേശ സ്റ്റേഷനിൽ എത്തിച്ച ജോളിയെ തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ രാത്രി വൈകുവോളം ചോദ്യം ചെയ്തു.