സിഗരറ്റ് ജയിലിലേക്ക് കടത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞ ജോയിന്റ് സൂപ്രണ്ടിന് ഭീഷണി

തിരുവനന്തപുരം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കു നല്‍കാന്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ അനധികൃതമായി സിഗരറ്റ് കടത്തി. സംഭവം പിടിച്ച ജോയിന്റ് സൂപ്രണ്ടിനു ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരുടെ ഭീഷണി. അടുത്ത വര്‍ഷം വിരമിക്കാനിരിക്കുന്ന മേലുദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്‌സില്‍ കയറിയാണു രണ്ടു ഡിപിഒമാര്‍ ഭീഷണിപ്പെടുത്തിയത്. ഗുരുതരമായ ഈ അച്ചടക്ക ലംഘനത്തെക്കുറിച്ചു ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങി.

സിഗരറ്റ് പിടികൂടിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ ഒതുക്കിത്തീര്‍ത്തതും അന്വേഷിക്കും. ജയിലുകളില്‍ ലഹരി വസ്തുക്കള്‍ കയറ്റാന്‍ തടവുകാര്‍ക്ക് ഉദ്യോഗസ്ഥ സഹായം കിട്ടുന്നുണ്ട് എന്നതു പരസ്യമാണ്. ഇതിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതു ജയില്‍ അടുക്കളകളും കന്റീനുകളുമാണ്. ഈയിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അടുക്കളയിലേക്കു പച്ചക്കറിയുമായി എത്തിയ വാഹനത്തില്‍ നിന്നു കഞ്ചാവ് പിടിച്ചിരുന്നു. വിയ്യൂരില്‍ ഉദ്യോഗസ്ഥരുടെ കന്റീന്‍ ചുമതലയുള്ള ഡിപിഒയാണു സിഗരറ്റ് കടത്തിനു സഹായിച്ചത്.

Loading...

ഡ്യൂട്ടി സമയത്തു സ്‌കൂട്ടറില്‍ പുറത്തുപോയി സിഗരറ്റ് പാക്കറ്റുകള്‍ വാങ്ങുകയും ജയിലിന്റെ പ്രധാന ഗേറ്റിനു പുറത്തു കന്നുകാലികളെ നോക്കിയിരുന്ന തടവുകാരനു കൈമാറുകയുമായിരുന്നു. ജോയിന്റ് സൂപ്രണ്ട് പിടികൂടുകയും ഡിപിഒയുടെ ദേഹപരിശോധന നടത്തുകയും ചെയ്തു. ഡിപിഒ മാപ്പ് അപേക്ഷിക്കുകയും ചില ഉദ്യോഗസ്ഥര്‍ ഇടപെടുകയും ചെയ്തപ്പോള്‍ ജോയിന്റ് സൂപ്രണ്ട് വഴങ്ങി. പിന്നീടു മറ്റു രണ്ടു ഡിപിഒമാര്‍ ക്വാര്‍ട്ടേഴ്‌സിലെത്തി ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ധൈര്യമുണ്ടെങ്കില്‍ തങ്ങളെയും പരിശോധിക്കാന്‍ ആവശ്യപ്പെട്ട ഇവര്‍ അദ്ദേഹത്തിന്റെ മുഖത്തേക്കു സിഗരറ്റ് പുകയൂതി അപമാനിച്ചതായും പരാതിയുണ്ട്.

ഇതില്‍ ഒരാള്‍ മുന്‍പു സസ്‌പെന്‍ഷന്‍ നേരിട്ടയാളാണ്. എന്നാല്‍ സെന്‍ട്രല്‍ ജയിലില്‍ പദവി കൊണ്ടു രണ്ടാമനായ ഉദ്യോഗസ്ഥന്‍ കൃത്യനിര്‍വഹണത്തിന്റെ പേരില്‍ ഭീഷണിയും അപമാനവും നേരിട്ടിട്ടും ജയില്‍ ആസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തില്ല. രണ്ടു ജോയിന്റ് സൂപ്രണ്ടുമാരാണു സെന്‍ട്രല്‍ ജയിലിലുള്ളത്. സംഭവം ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വിവരമറിഞ്ഞ ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ ഇടപെട്ടു. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലുകളില്‍ സിഗരറ്റും ബീഡിയും ഉള്‍പ്പെടെ എല്ലാ ലഹരി, പുകയില വസ്തുക്കള്‍ക്കും നിരോധനമാണ്.