മജിസ്ട്രേട്ടിന് രഹസ്യ മൊഴി നല്‍കിയ സാക്ഷിയുമായി ജോളിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയ പൊലീസും വിവാദത്തില്‍

ജോളി ജോസഫുമായി കോടതി വരാന്തയില്‍ സംസാരിച്ച ബന്ധുവിനെ ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസിലേക്ക് വിളിപ്പിച്ച്‌ ചോദ്യം ചെയ്തു. ജോളി കൊലപ്പെടുത്തിയ പൊന്നാമറ്റം ടോം തോമസിന്റെ സഹോദരപുത്രനായ പി.എച്ച്‌ . ജോസഫ് ഹില്ലാരിയോസിനെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായ ജോസഫില്‍ നിന്ന് കോടതി നേരത്തെ രഹസ്യ മൊഴിയെടുത്തിരുന്നു.

ജോളിക്കെതിരെ ശക്തമായ മൊഴിനല്‍കിയ ശേഷം അവരുടെ സ്വാധീനത്തിന് വഴങ്ങിയതാണോ എന്നറിയാനാണ് ഇദ്ദേഹത്ത പോലീസ് ഇന്നലെ ചോദ്യം ചെയ്തത്. സഹോദരനുമായുള്ള സ്വത്ത് തര്‍ക്കകേസിന്റെ ആവശ്യത്തിനായി കോടതിയിലെത്തിയപ്പോള്‍, വരാന്തയില്‍ നിന്നിരുന്ന ജോളി അടുത്തേക്ക് വന്ന് സംസാരിക്കുകയായിരുന്നെന്ന് ജോസഫ് മൊഴിനല്‍കി. തന്നെക്കുറിച്ച്‌ പൊന്നാമറ്റം കുടുംബാംഗങ്ങള്‍ക്ക് ഇപ്പോള്‍ എന്തഭിപ്രായമാണുള്ളതെന്നു ജോളി ചോദിച്ചതായും പത്രവാര്‍ത്ത നീ കാണാറില്ലേ അതേ അഭിപ്രായമാണ് എല്ലാവര്‍ക്കും ഉള്ളതെന്ന് മറുപടി നല്‍കിയതായും ജോസഫ് പോലീസിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന വനിതാ പോലീസുകാര്‍ ജോളിയുമായി സംസാരിക്കാന്‍ അനുമതി നല്‍കിയതായും ജോസഫ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോളിക്ക് എസ്‌കോര്‍ട്ട് പോയ വനിതാ പോലീസുകാരോട് വിശദീകരണം തേടും.

Loading...

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. അഭിമുഖത്തിന് അവസരമൊരുക്കിയ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജോളിക്കെതിരേ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയ വ്യക്തിയോട് സംസാരിക്കാനുള്ള അവസരം ഒരുക്കികൊടുത്തതായാണ് പോലീസിനെതിരേ ആരോപണമുയരുന്നത്. തിങ്കളാഴ്ച താമരശേരി കോടതിയിലായിരുന്നു സംഭവം.

പൊന്നാമറ്റത്ത് റോയ്തോമസ് മരിച്ചതിനെ തുടര്‍ന്ന് ജോസഫായിരുന്നു പോലീസില്‍ 2011 ല്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും നടത്തിയത്. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയ് മരിച്ചതെന്ന് അന്നത്തെ കോടഞ്ചേരി എസ്‌ഐ ജോസഫിനെ അറിയിക്കുകയും പരാതിയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു.

പരാതി ഇല്ലെന്ന ജോസഫിന്റെ മറുപടി രേഖപ്പെടുത്തി അന്ന് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കൂടത്തായ് കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് കല്ലറ പൊളിക്കാനുള്ള അന്വേഷണസംഘത്തിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെ ജോളിക്ക് വേണ്ട നിയമസഹായം ഒരുക്കുന്നതിന് ജോസഫ് സഹായം ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അഭിഭാഷകനെ കാണുന്നതിനും മറ്റും ജോളിക്ക് സൗകര്യമൊരുക്കിയതില്‍ ജോസഫിനും മുസ്ലീം ലീഗ് പ്രദേശിക നേതാവായിരുന്നു ഇമ്ബിച്ചുമോയിക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ കേസുമായി നേരിട്ട് ബന്ധമുള്ളവരുമായി സംസാരിക്കുന്നതിന് ജോളിക്ക് അവസരമൊരുക്കിയത് ഗുരുതര വീഴ്ചയായാണ് അന്വേഷണസംഘം കാണുന്നത്. ജോസഫിന്റെ ഇന്നലത്തെ മൊഴി പോലീസ് പൂര്‍ണവിശ്വാസത്തില്‍ എടുത്തിട്ടില്ല. ജോസഫ് ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലാണ്.

പിതാവിന്റെ സ്വത്ത് ഭാഗംവെച്ചതും മറ്റുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന്‍ തോമസ് ഹില്ലാരിയോസ് നല്‍കിയ കേസില്‍ ഹാജരാവാനാണ് താന്‍ കോടതിയില്‍ എത്തിയതെന്നാണ് ജോസഫ് ചൊവ്വാഴ്ച നടന്ന ചോദ്യംചെയ്യലില്‍ അറിയിച്ചത്. കോടതിയില്‍ കണ്ടപ്പോള്‍ ജോളി തന്റെ സമീപത്തേക്ക് വരികയും കുടുംബത്തിലെ മറ്റുള്ളവര്‍ തന്നെപ്പറ്റി എന്താണ് പറയുന്നതെന്ന് അന്വേഷിച്ചെന്നുമാണ് ജോസഫ് ഹില്ലാരിയോസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിക്ക് നല്‍കിയ വിശദീകരണം. ഇത് പൂര്‍ണ്ണമായും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.