കൂടത്തായി കൊലക്കേസുകളിൽ ജോളി അഞ്ചാമതും അറസ്റ്റിൽ

കോഴിക്കോട്: കൂടത്തായി കൊലപാതകകേസിലെ മുഖ്യപ്രതി ജോളി അഞ്ചാമതും അറസ്റ്റിൽ. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കെല്ലപ്പെട്ട കേസിലാണ് ജോളിയെ വീണ്ടും അറസ്റ്റ് ചെയ്തതത്.

കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കും.

Loading...

2008 ഓഗസ്റ്റ് 26 നാണ് പൊന്നാമറ്റം തറവാട്ടിലെ ടോം തോമസ് മരണപ്പെടുന്നത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസ് ഗുളികയില്‍ സയനൈഡ് ചേര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

ടോം തോമസിന്റെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ജോളി സ്വന്തമാക്കിയത് വ്യാജ ഒസ്യത്തിലൂടെയാണെന്ന് നേരത്തെ വില്ലേജ് ഓഫീസര്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജോളിയുടെ ഉടമസ്ഥാവകാശം റദ്ദാക്കിയത്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് ഓമശ്ശേരി പഞ്ചായത്തില്‍ കാണുന്നില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘം പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചിരുന്നു.

വ്യാജ ഒസ്യത്ത് വഴി സ്വത്ത് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനു ശേഷമാണു സിലിയെയും മകളെയും കൊലപ്പെടുത്തി ഷാജുവിനെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ടയര്‍ഡ് അധ്യാപിക അന്നമ്മ തോമസ് 2002 ഓഗസ്റ്റ് 22ന് ആദ്യം മരിച്ചത്.

ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനുമൂന്നുവര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു.

2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം.എം. മാത്യുവും സമാന സാഹചര്യത്തില്‍ മരിച്ചു. ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈനയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ ഫിലിയാണ് അന്ന് സമാനസാഹചര്യത്തില്‍ മരിച്ചത്. ഇതിനുപിന്നാലെ റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.

കേസില്‍ മൂന്ന് പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. ജോളി, സ്വര്‍ണപ്പണിക്കാരനും ബന്ധുവുമായ മാത്യു, ജ്വല്ലറി ജീവനക്കാരന്‍ പ്രജു കുമാര്‍, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

മറ്റ് അഞ്ച് മരണങ്ങളിലും ജോളിക്ക് പങ്കുണ്ടെന്ന് വ്യക്തമായെന്നും എല്ലാ മരണത്തിലും തനിക്ക് പങ്കുണ്ടെന്ന് ജോളി സമ്മതിക്കുകയായിരുന്നെന്നും എസ്.പി വെളിപ്പെടുത്തി. റോയിയെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്ന് വ്യക്തമായെന്നും പൊലീസ് പറഞ്ഞു.

ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയത് ജ്വല്ലറി ജീവനക്കാരാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യംചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചിരുന്നു.

മരിച്ചവരുടെ മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചത്.

കൂടത്തായിയിലെ മരണങ്ങളില്‍ പ്രതിയായ ജോളിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് അച്ഛന്‍ ജോസഫ് പറഞ്ഞിരുന്നു. ജോളി കട്ടപ്പനയില്‍ എത്തിയിരുന്നെന്നും ഷാജുവുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു.

ജോളിയെ കുറിച്ചോ മരണങ്ങളെ കുറിച്ചോ സംശയങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ മുഴുവന്‍ സത്യങ്ങളും പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.