അറസ്റ്റിലായ ശേഷം ആദ്യമായി വീട്ടിലെത്തി ജോളി ; അമ്മയെ കണ്ടപ്പോള്‍ പൊട്ടിക്കരച്ചില്‍

ജോളി പൊലീസ് പിടിയിലായശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയപ്പോള്‍ അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു. മത്തായിപ്പടിയിലെ പഴയ തറവാട്ടില്‍ തെളിവെടുപ്പ് നടത്തിയശേഷം 11.40നാണ് ജോളിയെ മാതാപിതാക്കള്‍ താമസിക്കുന്ന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്.

ഒട്ടേറെപ്പേരാണ് പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്.വീടിനുള്ളില്‍ മാതാപിതാക്കളും ജോളിയുടെ സഹോദരനും സഹോദരിയുമാണ് ഉണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീട്ടില്‍ പരിശോധന നടത്തുകയും കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.വെള്ളിയാഴ്ച രാത്രിയോടെയാണ് ജോളിയെ കട്ടപ്പനയ്ക്കു കൊണ്ടുവരുന്നതായുള്ള വിവരം പുറത്തറിഞ്ഞത്. പുലര്‍ച്ചെ ജോളിയെ എത്തിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും എവിടേക്കാണ് എത്തിക്കുകയെന്ന് വ്യക്തതയുണ്ടായിരുന്നില്ല.

Loading...

അതിനാല്‍ ജോളിയും കുടുംബവും മുന്‍പ് താമസിച്ചിരുന്ന കാമാക്ഷി പഞ്ചായത്തിലെ ഏഴാംമൈല്‍ മത്തായിപ്പടിയിലും മാതാപിതാക്കള്‍ ഇപ്പോള്‍ താമസിക്കുന്ന വീടിനു മുന്നിലും അന്വേഷണ സംഘം മുന്‍പ് പരിശോധന നടത്തിയ കട്ടപ്പനയിലെ ജ്യോത്സ്യന്റെ വീടിനു സമീപവും ആളുകള്‍ രാവിലെ മുതല്‍ തമ്പടിച്ചു.രാവിലെ 7ന് കട്ടപ്പനയില്‍ എത്തിയ അന്വേഷണ സംഘം ജോളിയെ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. 9.45ന് മത്തായിപ്പടിയിലെ വീട്ടിലേക്കു തിരിച്ചു.

സി.ഐ: കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കട്ടപ്പനയില്‍ എത്തിയത്. വാഴവരയിലെ അയല്‍വാസികളില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം 11.30 ഓടെ അന്വേഷണ സംഘം ജോളിയെ കട്ടപ്പന വലിയകണ്ടത്തെ ഇപ്പോഴത്തെ കുടുംബവീട്ടിലെത്തിച്ചു. ജോളിയെ കട്ടപ്പനയിലെത്തിച്ചതറിഞ്ഞ് പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പോലീസ് ജീപ്പിലേക്ക് ജോളിയെ കയറ്റിയപ്പോള്‍ കൂക്കിവിളിച്ചു. വലിയകണ്ടത്തെ വീടിനു മുന്നിലും നാട്ടുകാരും അയല്‍വാസികളും തിങ്ങി നിറഞ്ഞിരുന്നു. ജോളിയുടെ പിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. സഹോദരനെയും ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു.

പിതാവിന് ആരോഗ്യ പ്രശ്നമുള്ളതിനാല്‍ ജോളിയുടെ സാന്നിധ്യത്തിലല്ല അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ജോളിയെ സ്റ്റേഷനിലേക്ക് മടക്കിയ ശേഷമായിരുന്നു നടപടി. നെടുങ്കണ്ടത്തെ പ്രീഡിഗ്രി പഠനശേഷം ജോളിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിര്‍ണായ വിവരങ്ങളും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം

ഇമ്പച്ചിമോയി, ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍, ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയാസ് എന്നിവര്‍ കാര്യങ്ങള്‍ നേരത്തേ അറിഞ്ഞിരുന്നെങ്കിലും പൊലീസിനോട് മറച്ചു വച്ചതാണെന്നാണ് ജോളിയുടെ മൊഴിയില്‍ നിന്നു പൊലീസിന്റെ നിഗമനം. 2008ല്‍ ടോം തോമസ് മരിക്കുമ്പോള്‍ ഉണ്ടാക്കിയ ആദ്യ ഒസ്യത്ത് ജോളി കട്ടപ്പനയില്‍ കൊണ്ടു പോയി ബന്ധുക്കളോടൊപ്പം വക്കീലിനെ കാണിച്ചപ്പോള്‍ നിയമസാധുതയില്ലെന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ കൂട്ടുപിടിച്ച് പുതിയ ഒസ്യത്ത് ഉണ്ടാക്കിയത്.
ജോളിയുടെ പിതാവ്, സഹോദരന്‍, സഹോദരീ ഭര്‍ത്താവ് എന്നിവര്‍ക്കും അങ്ങനെ വ്യാജ ഒസ്യത്തുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇന്നലെ ജോളിയെ പ്രധാനമായും കട്ടപ്പനയിലേക്ക് തെളിവെടുപ്പിനായി കൊണ്ടു പോയത്. ഒരു വരുമാനവുമില്ലാത്ത ജോളിയുടെ അക്കൗണ്ടില്‍ കൂടി ലക്ഷക്കണക്കിനു രൂപയുടെ പണം ഇടപാടു നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിനു മുന്‍പ് സൃഹൃത്തിനോടൊപ്പം സ്ഥലം വിടാനും ജോളി പദ്ധതിയിട്ടിരുന്നു.