ജോളിയുടെ കാര്‍ കസ്റ്റഡിയില്‍; രഹസ്യ അറയിലെ പഴ്സില്‍ വെള്ളപ്പൊടി, വിഷമെന്ന് സംശയം

ജോളിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു. കാറിനുള്ളിലെ രഹസ്യ അറയില്‍ നിന്നും വിഷ വസ്തു കണ്ടെത്തി. കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ വിഷവസ്തു സയനൈഡ് എന്ന് സംശയിക്കുന്നുകാറിന്റെ ഡ്രൈവിങ്ങ് സീറ്റിന് സമീപം രഹസ്യ അറയില്‍ പേഴ്‌സില്‍ നിരവധി കവറുകള്‍ക്കുള്ളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്. കാറിനുള്ളിലാണ് സയനൈഡ് ഉള്ളതെന്ന് ജോളി നേരത്തേ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാറില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ വിശദപരിശോധനകള്‍ക്ക് അയക്കാനൊരുങ്ങുകയാണ് പോലീസ്. ഇത് സയനൈഡെന്ന് തന്നെയാണെന്ന് തെളിഞ്ഞാല്‍ അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവാകും.

ജോളി ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലും വിശദമായ പരിശോധന നടത്താനാണ് നീക്കം. കൊടുവള്ളി സി ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസ് നീക്കം. ഇത് കേരളത്തിലെ ലാബില്‍ പരിശോധിച്ചാല്‍ മതിയോ, പുറത്ത് എവിടേക്കെങ്കിലും അയക്കണോ എന്ന കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ പിന്നീട് തീരുമാനിക്കും.

Loading...

ഷാജുവിന്റെ ഭാര്യ സിലി കുഴഞ്ഞു വീണ് മരിക്കുന്നത് കാറിനുള്ളിലാണ്. ദന്താശുപത്രിയിലേക്ക് പോകും വഴിയാണ് സിലി കുഴഞ്ഞു വീണത്. സിലിയെ ആശുപത്രിയിലെത്തിക്കുന്നത് ജോളി മനഃപൂര്‍വം വൈകിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. താമരശ്ശേരിയില്‍ സ്വകാര്യ ആശുപത്രിയടക്കം ഉണ്ടായിട്ടും വളഞ്ഞ വഴി ചുറ്റിപ്പോയി ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മുന്‍കൈയെടുത്തതും ജോളിയായിരുന്നു. കൂടാതെ സിലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനെയും ജോളി ശക്തമായി എതിര്‍ത്തിരുന്നു. സിലിയുടെ സഹോദരന്‍ സിജോയോട് പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് ജോളി പറഞ്ഞതായുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഭര്‍ത്താവ് ഷാജു തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് എഴുതി നല്‍കിയത്. എന്നാല്‍, സിലിയുടെ മരണസമയത്ത് ജോളി ഉപയോഗിച്ചിരുന്നത് ഈ കാര്‍ അല്ലായിരുന്നു എന്നാണ് വിവരം.