ഷാജു കള്ളം പറഞ്ഞത് എന്തിന്.. വിവാഹ ആല്‍ബത്തില്‍ സിലിയുടെ ചിത്രങ്ങള്‍ അപ്രത്യക്ഷമായതിലും ദുരൂഹത

വിവാഹ ആഭരങ്ങളുള്‍പ്പെടെ 40 പവനോളം സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഭര്‍ത്താവ് ഷാജു എല്ലാവരേയും അറിയിച്ചിരുന്നത്. ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തര്‍ക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കള്‍ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇവര്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.

ആഭരണങ്ങള്‍ കാണാതായതില്‍ ജോളിക്കും പങ്കുണ്ടെന്നാണ് സൂചന. ഇത്തരത്തിലുള്ള മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകള്‍ ആല്‍ഫൈന്‍ മരിച്ച ദുഃഖത്തില്‍ കുഞ്ഞിന്റെ ആഭരണങ്ങള്‍ ഏതെങ്കിലും പള്ളിക്ക് നല്‍കാമെന്ന് സിലി പറഞ്ഞിരുന്നു. സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയിലെത്തിയത്. ഓമശ്ശേരി ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ഷാജുവിനെ ഏല്‍പ്പിച്ചിരുന്നു. ഈ കവര്‍ ജോളി സിലിയുടെ ബന്ധുവിനെ ഏല്‍പ്പിച്ച് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അന്നുതന്നെ ഷാജുവിനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

Loading...

ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണില്‍ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളില്‍ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നായിരുന്നു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നെന്നും അത് ഉറപ്പായും അങ്ങനെ ചെയ്യില്ലെന്നും അമ്മ മറുപടി നല്‍കി. പിന്നീട് ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം ഷാജു വീട്ടിലെത്തി ഒരു പവന്റെ പുതിയ വള ഏല്‍പ്പിച്ചു മടങ്ങി. സിലി മരണദിവസം ഏതെല്ലാം ആഭരണം ധരിച്ചിരുന്നു എന്നറിയാന്‍ കുടുംബം അന്നത്തെ വിവാഹ ആല്‍ബം പരിശോധിച്ചെങ്കിലും എവിടെയും ഫോട്ടോ കണ്ടെത്താനായില്ല. ഇതും ദുരൂഹമായി തുടരുകയാണ്. ആഭരണങ്ങള്‍ അടിച്ചു മാറ്റിയതെന്നാണ് സൂചന. ഇതില്‍ ജോളിക്കൊപ്പം ഷാജുവും പങ്കാളിയായെന്ന സംശയം സിലിയുടെ ബന്ധുക്കള്‍ക്കുണ്ട്.

കുടത്തായിയില്‍ നടന്ന മറ്റ് അഞ്ചു കൊലപാതകത്തിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് താമരശേരി സ്റ്റേഷനിലും നാലെണ്ണം കോടഞ്ചേരി പൊലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഇനി തെളിവുകള്‍ ശേഖരിക്കാനുള്ള സാഹചര്യത്തില്‍ കസ്റ്റഡി നീട്ടാനായിരിക്കും അന്വേഷണസംഘം ആവശ്യപ്പെടുക. ഇന്ന് വൈകിട്ട് അഞ്ചിനു മുമ്ബാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. ഇതോടെ കസ്റ്റഡി കാലാവധി അവസാനിക്കും. ഇത് നീട്ടി കിട്ടിയില്ലെങ്കില്‍ അതും അന്വേഷണത്തെ ബാധിക്കും.