ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് കണ്ടെത്തല്‍

ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍, ജോളി ജോസഫിന്റെ കൈവശമുള്ളത് ബികോമും എംകോമും പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ആണ്. എന്‍ഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു. എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞു കട്ടപ്പനയില്‍ നിന്നു കൂടത്തായിയിലെത്തിയപ്പോള്‍ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Loading...

ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്നു തെളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുന്‍പും ജോളി വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ പൊലീസിനു കഴിയും.
പക്ഷേ, പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണു ബികോമിനു ചേര്‍ന്നതെന്നതു സംബന്ധിച്ച്‌ അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലല്‍ കോളജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. ചില കംപ്യൂട്ടര്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും ജോളിയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.

കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നലെ കോടതി അവധിയായതിനാല്‍ മജിസ്‌ട്രേട്ടിന്റെ വീട്ടിലാണു ജോളിയെ ഹാജരാക്കിയത്. ഈ കേസിലെ റിമാന്‍ഡ് കാലാവധി 16 വരെയാണ്.

എം.എസ്.മാത്യുവിനെയും കെ.പ്രജികുമാറിനെയും മറ്റു കേസുകളിലും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കം തുടങ്ങി. സിലി വധക്കേസില്‍ പ്രജികുമാറിനെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്നു കോടതിയില്‍ നല്‍കും.

അതേസമയം ജോളി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതായി സംശയിക്കുന്നുവെന്നും പ്രതിയുടെ ഫോണ്‍കാളുകളെക്കുറിച്ച്‌ അവരുടെ സാന്നിധ്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണസംഘം. ആല്‍ഫൈന്‍ വധക്കേസില്‍ താമരശ്ശേരി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച തുടര്‍ കസ്റ്റഡി അപേക്ഷയിലാണ് ജോളിയുടെ ഫോണ്‍ബന്ധങ്ങളില്‍ വിശദാന്വേഷണം വേണമെന്ന് സൂചിപ്പിച്ചത്. പ്രതി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി സംശയിക്കുന്നുണ്ടെന്നും അസി. പ്രഫസറാണെന്ന വ്യാജേന എന്‍.ഐ.ടിയിലേക്ക് നടത്തിയ യാത്രകളുടെ ഉദ്ദേശ്യം കണ്ടെത്തണമെന്നും നേരത്തെ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2014 മെയ്‌ ഒന്നിന് രാവിലെ ഒമ്ബതരക്കാണ് ഷാജു-സിലി ദമ്ബതിമാരുടെ ഒന്നരവയസ്സുള്ള മകള്‍ ആല്‍ഫൈനിനെ കൊലപ്പെടുത്താന്‍ ജോളി സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ മാതാപിതാക്കളെയും സഹോദരനെയും ബന്ധുക്കളെയുമടക്കം ആറുപേരെ ഇല്ലാതാക്കിയ കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയില്‍ തൃപ്തിയുണ്ടെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ചി തോമസ് അറിയിച്ചു. എല്ലാ സത്യങ്ങളും ഇപ്പോള്‍ പുറത്തുവരുകയാണ്. ജോളിയെ സംശയം തോന്നിത്തുടങ്ങിയത് ഷാജുവുമായുള്ള കല്യാണത്തിന് ശേഷമായിരുന്നെന്നും കല്യാണത്തിന് ജോളി തിടുക്കം കൂട്ടിയെന്നും റെഞ്ചി പറഞ്ഞു. സിലി ജീവിച്ചിരിക്കുമ്ബോള്‍തന്നെ ജോളി പുലിക്കയത്ത് സ്ഥിരം സന്ദര്‍ശകയായിരുന്നു. ജോളി കുടുംബത്തിലെ ഓരോരുത്തരെയും വെട്ടിമാറ്റുകയായിരുന്നു. റോയി ജീവിച്ചിരുന്ന കാലത്ത് മാതാപിതാക്കളുടെ മരണത്തെക്കുറിച്ച്‌ ഒരു സംശയവും ഉണ്ടായിരുന്നില്ല.