ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്ന് ജോളിക്ക് ഉപദേശം ലഭിച്ചു

വളരെ വിദഗ്ധമായാണ് പോലീസിന്റെ ചോദ്യം ചെയ്യലുകളെ ജോളി നേരിടുന്നത്. ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്ന് ജോളിക്ക് കൃത്യമായ ഉപദേശം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ടോം തോമസ്, അന്നമ്മ തോമസ് എന്നിവരെ ഇല്ലാതാക്കിയത് മകന്‍ റോയി തോമസായിരിക്കും എന്നായിരുന്നു ജോളിയുടെ നിലപാട്. എന്നാല്‍ അന്നമ്മയുടെ അന്ത്യ സമയത്തു വീട്ടിലുണ്ടായിരുന്നവരുടെ മൊഴികള്‍ ചൂണ്ടിക്കാണിച്ചതോടെ ജോളി പ്രതിരോധത്തിലായി.

ടോം തോമസ് മരിക്കുന്ന സമയത്തു വീട്ടില്‍ ജോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ജോലിക്കാരന്റെ മൊഴിയും ജോളിയാണു വിവരം അറിയിച്ചതെന്ന അയല്‍വാസിയുടെ മൊഴിയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെ ജോളി കുറ്റം സമ്മതിച്ചു.

റോയി തോമസ് ജീവനൊടുക്കിയതെന്ന നിലപാടായിരുന്നു തുടക്കത്തില്‍ ജോളി സ്വീകരിച്ചത്. സയനൈഡ് നല്‍കിയെന്ന പ്രജികുമാറിന്റെയും മാത്യുവിന്റെയും മൊഴികള്‍ ചൂണ്ടിക്കാട്ടിയതോടെ മാത്യുവും റോയിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നെന്നും മാത്യുവായിരിക്കും സയനൈഡ് നല്‍കിയത് എന്നും ജോളി പറഞ്ഞു. എന്നാല്‍ സംഭവം നടന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലാതിരുന്നതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് ചൂണ്ടിക്കാട്ടിയതോടെ ജോളി കുറ്റം സമ്മതിച്ചു.