ജയിലില്‍ ജോളി അലറി കരഞ്ഞു, ഉറങ്ങിയില്ല

കൂടത്തായി സംഭവത്തില്‍ യാതൊരു കൂസലുമില്ലാതിരുന്ന ജോളിയുടെ രീതിയും ഭാവവും ജയിലില്‍ എത്തിയപ്പോള്‍ മാറി. രാത്രിയായതോടെ ഇവര്‍ ഉറങ്ങാതെ അലറിക്കരയുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്ന് ജില്ലാ ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് താമരശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കനത്ത സുരക്ഷയോടെ പൊലീസ് ഇവരെ പുതിയറയിലെ ജില്ലാ ജയിലില്‍ എത്തിച്ചത് രാത്രി 12.15 നാണ്.

ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വനിതാ വാര്‍ഡിലേക്ക് മാറ്റിയതോടെ ജോളിയുടെ മട്ടു മാറി. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൂസലില്ലാതെ മറുപടി പറഞ്ഞിരുന്ന അവര്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നെ ഉറങ്ങാന്‍ കൂട്ടാക്കാതെ അലറിവിളിച്ചു. വല്ലാതെ ബഹളം വച്ചു. ജോളിയെ നിരീക്ഷിക്കാന്‍ ജയില്‍ വാര്‍ഡര്‍മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.