ജോളി പഴയ ജോളി അല്ല, അടിമുടി മാറി

വനിതാ സെല്ലില്‍ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരഞ്ഞുകൊണ്ടിരുന്ന ജോളിയല്ല ഇപ്പോഴത്തെ ജോളി. സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുന്നു, തമാശ പറയുന്നു, അവസരത്തിനൊത്ത് പൊട്ടിച്ചിരിക്കുന്നുമുണ്ട്. രണ്ട് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അതിന്റെ അങ്കലാപ്പുമില്ല.

കോഴിക്കോട് ജില്ലാ ജയിലില്‍ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറ് സെല്ലുകളാണുള്ളത്. 10 കുറ്റവാളികള്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ സെല്ലിലാണ് ജോളി. അതില്‍ ജോളി അടക്കം ആറ് പേര്‍. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാ പ്രവണത കണ്ടതിനെതുടര്‍ന്നാണ് കൂടുതല്‍ പേരുള്ള സെല്ലിലേക്ക് മാറ്റിയത്.

Loading...

ജയില്‍ അധികൃതരുടെ ശാസ്ത്രീയ സമീപനമാണ് ജോളിയിലും മാറ്റം ഉണ്ടാക്കിയത്. ജയിലില്‍ കഴിയുന്ന വനിതാ തടവുകാരില്‍ ഭൂരിപക്ഷവും സാഹചര്യങ്ങള്‍ കാരണമാണ് കുറ്റവാളിയാവുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവും അവര്‍. അത്‌ കുറയ്ക്കാന്‍ രാവിലെ ആറ് മണിക്ക് യോഗ പരിശീലനം നല്‍കും. വനിതാ വാര്‍ഡര്‍മാരാണ് യോഗ പഠിപ്പിക്കുന്നത്. കൗണ്‍സലിംഗും നല്‍കാറുണ്ട്. അതത് മതാചാരപ്രകാരമുള്ള കൗണ്‍സലിംഗ് തടവുകാരില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. വനിതകളാണ്‌ കൗണ്‍സലിംഗിന് എത്താറുള്ളത്.

ജയിലില്‍ തൊഴില്‍ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക്‌ പരിശീലനം നല്‍കാന്‍ തുടങ്ങിയില്ലെന്നാണ് സൂചന. താമസിയാതെ തൊഴില്‍ പരിശീലനവും നല്‍കിയേക്കും.

ജോളിക്കെതിരെ ശാസ്ത്രീയ രീതിയില്‍ തെളിവുകള്‍ ശേഖരിച്ച്‌ പഴുതുകള്‍ അടച്ചുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞിട്ടുണ്ടെങ്കിലും ജോളി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം കെജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റ് ചെയ്തത് നന്നായി എന്ന് മുഖ്യപ്രതി ജോളി പലതവണ പറഞ്ഞുവെന്ന് എസ്പി വ്യക്തമാക്കുകയായിരുന്നു. ഇല്ലെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും എസ്പി കെജി സൈമണ്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. ജോളി ഇപ്പോള്‍ പിടിയിലായില്ലെങ്കില്‍ മൂന്ന് പേരെ കൂടി കൊന്നേനേ എന്നാണ് എസ്പി മാധ്യമങ്ങളോട് വ്യക്കമാക്കിയത്. ജോളിക്ക് പ്രത്യേക മാനസിക നിലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

246 സാക്ഷികളും 22 തൊണ്ടിമുതലുകളും 322 രേഖകളും കുറ്റപത്രത്തിലുണ്ട്. റോയ് തോമസ് വധക്കേസില്‍ മാപ്പുസാക്ഷികളില്ല. ജോളിയുടെ രണ്ട് മക്കളുടെ അടക്കം ആറുപേരുടെ രഹസ്യമൊഴി കേസില്‍ നിര്‍ണ്ണായകമാകുമെന്ന് എസ്പി വ്യക്തമാക്കി. കേസില്‍ ഡിഎന്‍എ ടെസ്റ്റിന്റെയും ആവശ്യമില്ല. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയി മരിച്ചതെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് ശക്തമായ തെളിവാണെന്നും പോലീസ് വ്യക്തമാക്കി

പ്രീഡിഗ്രിക്കാരിയായ ജോളി യുജിസി നെറ്റ് യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയിരുന്നു. മദ്യപാനിയായ റോയിയെക്കൊണ്ട് തനിക്കും കുടുംബത്തിനും ഒരു പ്രയോജനവുമില്ലെന്ന് വന്നപ്പോഴാണ് ജോളി കൊലപാതകത്തിന് തുനിഞഞതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. പ്രീഡിഗ്രിക്കാരിയായ ജോളി ബികോം, എംകോം, യുജിസി നെറ്റ് എന്നിവുടെ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത്. എന്‍ഐടിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കൈവശമുണ്ടായിരുന്നു. ഇവ കൃത്യമായി കോര്‍ത്തിണക്കിയാണ് കുറ്റപത്രമെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.