തെളിവെടുപ്പിനെത്തിച്ച ജോളിക്ക് യാതൊരു പശ്ചാത്താപവുമില്ല

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി കൊണ്ടുവന്ന ജോളിയില്‍ പശ്ചാത്താപത്തിന്റേതായ ഒരു ലക്ഷണവും ഇല്ലായിരുന്നെന്ന് പൊന്നാമറ്റം വീട്ടിലെ അയല്‍വാസി ബാവ. പ്രതികള്‍ക്കും അന്വേഷണസംഘത്തിനുമൊപ്പം ബാവയെ മാത്രമാണ് തെളിവെടുപ്പ് സമയം പൊന്നാമറ്റത്ത് പ്രവേശിക്കാന്‍ അനുവദിച്ചത്. പൊന്നാമറ്റത്തു നിന്ന് പൊലീസിന് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ജോളി തെളിവെടുപ്പുമായി പൂര്‍ണമായും സഹകരിച്ചെന്നും ബാവ പറഞ്ഞു.

പൊന്നാമറ്റത്തെ തെളിവെടുപ്പിനു ശേഷം മഞ്ചാടി മാത്യുവിന്റെ വീട്ടിലേക്കും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. അവിടെ നിന്ന് ജോളിയെ ഷാജുവിന്റെ പുലിക്കയത്തുള്ള വീട്ടിലേക്ക് തെളിവെടുപ്പിനായി എത്തിച്ചു. ഷാജുവിന്റെ മുന്‍ഭാര്യ സിലി കുഴഞ്ഞുവീണ ദന്താശുപത്രിയിലേക്കും പ്രതികളെ എത്തിക്കുമെന്നാണ് വിവരം.

അഞ്ച് പേര്‍ക്കും താന്‍ സയനൈഡ് നല്‍കിയെന്ന് ജോളി പോലീസിനോട് സമ്മതിച്ചു. അന്നമ്മയ്ക്ക് നല്‍കിയത് കളനാശിനിയാണെന്നും ജോളി വെളിപ്പെടുത്തി. അതിനിടെ, ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാനാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും ബംഗളൂരുവിലേക്ക് പോയിരുന്നതായും ടവര്‍ ഡംപ് പരിശോധനയിലൂടെ പൊലീസ് കണ്ടെത്തി.