മറ്റൊരു രേഖയിലെ ഒപ്പിന്റെ ഭാഗം ചേര്‍ത്ത് വച്ച് പകര്‍പ്പെടുത്തു; ജോളിയുടെ ഗൂഢാലോചനക്കഥയില്‍ കൂടുതല്‍ വ്യക്തതയുമായി പൊലീസ്

ജോളി വ്യാജ രേഖകളുണ്ടാക്കിയ ടൈപ്പ്‌റൈറ്റര്‍ കണ്ടെത്തി. പൊന്നാമറ്റം വീട്ടിലെ സ്റ്റോര്‍ റൂമില്‍ ഒളിപ്പിച്ചുവച്ചിരുന്ന നിലയിലായിരുന്നു ടൈപ്പ് റൈറ്റര്‍ ഉണ്ടായിരുന്നത്.ചോദ്യം ചെയ്യലില്‍ വീട്ടിലുള്ള ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ചാണ് താന്‍ വ്യാജ രേഖകള്‍ തിരുത്തിയതും ചിലത് തയാറാക്കിയതെന്നുമാണ് ജോളി പോലീസിനോട് പറഞ്ഞത്.

എന്‍ഐടി പരിസരത്ത് നടത്തിയ തെളിവെടുപ്പിനിടെയാണ് ജോളി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കട വെളിപ്പെടുത്തിയത്. 2005-06 കാലത്താണ് കാര്‍ഡ് നിര്‍മ്മിച്ചതെന്ന് ജോളി സമ്മതിച്ചു. തന്റെ കളര്‍ഫോട്ടോയും വിവരങ്ങളും നല്‍കി. കടയിലെ ജീവനക്കാര്‍ എന്‍ഐടിയുടെ ലോഗോയടക്കം കൂട്ടിച്ചേര്‍ത്ത് കാര്‍ഡ് നിര്‍മ്മിച്ചെന്നും മൊഴിയിലുണ്ട്.

Loading...

കടയിലെത്തിയ പൊലീസ് ജീവനക്കാരില്‍നിന്ന് വിവരം ശേഖരിച്ചു. കാര്‍ഡ് നിര്‍മ്മിച്ചകാലത്തെ ജീവനക്കാരല്ല ഇപ്പോള്‍ കടയിലുള്ളത്. അന്ന് ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യംചെയ്യും. കുറ്റ്യാടി സിഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോളിയെ എന്‍ഐടി പരിസരത്ത് തെളിവെടുപ്പിനെത്തിച്ചത്. ജോളി സ്ഥിരമായി എത്തിയിരുന്ന എന്‍ഐടി പരിസരത്ത് സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. കുന്നമംഗലത്തെ പുതുതലമുറ ബാങ്കില്‍ ജോളി അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ അക്കൗണ്ടിന്റെ വിശദമായ സ്റ്റേറ്റ്മെന്റ് പരിശോധിക്കും.

ഇവിടെനിന്ന് തയാറാക്കിയ ഒസ്യത്തില്‍ പിന്നീട് ചില തിരുത്തലുകള്‍ വരുത്തിയതായി ജോളി സമ്മതിച്ചിരുന്നു. തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സ്വന്തം ടൈപ്പ് റെറ്റര്‍ ഉപയോഗിച്ചതായി ജോളി മൊഴിനല്‍കിയത്. വ്യാജരേഖകള്‍ തയാറാക്കുന്നതിനായി ഒരു സെക്കന്‍ഡ് ഹാന്‍ഡ് ടൈപ്പ്റൈറ്റര്‍ വാങ്ങി സൂക്ഷിച്ചതാണെന്നും ജോളി മൊഴി നല്‍കി.

2008 കാലഘട്ടത്തില്‍ കംപ്യൂട്ടര്‍ വ്യാപകമായി ഉണ്ടെങ്കിലും ചില രേഖകള്‍ തയാറാക്കിയിരുന്നത് ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ചു തന്നെയായിരുന്നു.അതിനാല്‍ അന്വേഷണസംഘം കരുതുന്നത് വ്യാജ ഒസ്യത്ത് തിരുത്തിയതും ഇതേ ടൈപ്പ്‌റൈറ്ററിലാണെന്ന ജോളിയുടെ മൊഴി സത്യമാണെന്നാണ്.

ടോം തോമസിന്റെ പേരിലുള്ള വീടും 38 സെന്റ് പുരയിടവും മരണശേഷം മകന്‍ റോയ് തോമസിനും മരുമകള്‍ ജോളിക്കും അവകാശപ്പെട്ടതാണെന്ന വ്യാജ ഒസ്യത്തുകൊലപാതകത്തിനു മുന്‍പു ജോളി തയാറാക്കിയിരുന്നു. ഫറോക്കിലെ ഡിടിപി സെന്ററിലാണ് ഒസ്യത്ത് തയാറാക്കിയത്. ടോം തോമസ് നേരത്തേ ഒപ്പിട്ട മറ്റൊരു രേഖയിലെ ഒപ്പിന്റെ ഭാഗം മാത്രം വ്യാജ ഒസ്യത്തില്‍ ചേര്‍ത്തുവച്ച് ഇതിന്റെ പകര്‍പ്പെടുത്തു. ഈ പകര്‍പ്പില്‍ ഒപ്പിന്റെ തൊട്ടുമുകളില്‍ ടോം തോമസിന്റെ പേര് ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് രേഖപ്പെടുത്തുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആയി വിരമിച്ച ടോം തോമസിന് ടൈപ്പ് റൈറ്റിങ് അറിയാമായിരുന്നു.

വിരമിച്ച ശേഷം താമരശ്ശേരിയിയില്‍ തുടങ്ങിയ സര്‍വീസ് കണ്‍സല്‍റ്റന്‍സി സ്ഥാപനത്തില്‍ ഉപയോഗിക്കാനാണ് ടോം സ്വന്തമായി ടൈപ്പ് റൈറ്റര്‍ വാങ്ങിയത്. ടൈപ്പ് റൈറ്റര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടോം തോമസ് തന്നെയാണ് ഒസ്യത്ത് തയാറാക്കിയതു മറ്റുള്ളവരെ വിശ്വസിപ്പിക്കാനാണു ജോളി ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് ടോമിന്റെ പേര് രേഖപ്പെടുത്തിയതെന്നു പൊലീസ് കരുതുന്നു. ഈ ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് ജോളി മറ്റെന്തെങ്കിലും വ്യാജരേഖകള്‍ തയാറാക്കിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.