റോയി മരിക്കുന്നതിന് മുമ്പ് ജോളിക്ക് ഷാജുവും ജോണ്‍സനുമായി ബന്ധം?

കൂടത്തായി കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളി ജോസഫുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഇനിയും ഒടുങ്ങിയിട്ടില്ല. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ ഫോണ്‍നമ്പര്‍ ഉപയോഗിക്കുന്നത് ജോളിയുടെ സുഹൃത്ത് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ ജോണ്‍സനാണെന്ന് കണ്ടെത്തിയിരുന്നു. റോയിയുടെ മരണ ശേഷം ഇയാള്‍ നമ്പര്‍ സ്വന്തം പേരിലേക്ക് ആക്കുകയായിരുന്നു.

റോയിയുടെ മരണത്തിന് മുമ്പ് തന്നെ ജോളിയും ജോണ്‍സനും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് പുതിയ വിവരങ്ങള്‍. ഒരേ സമയം ജോളി ജോണ്‍സനുമായും ഷാജുവുമായും ബന്ധം സ്ഥാപിച്ചുവെന്നാണ് വിവരം. ഇവര്‍ പലപ്പോഴും വീട്ടില്‍ ജോളിയുടെ വീട്ടില്‍ എത്തിയിരുന്നതായും വിവരമുണ്ട്.

അതേസമയം കൂടത്തായി സംഭവത്തിലെ മുഖ്യ പ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് പ്രജികുമാറും മാത്യുവുമെന്നാണ് റിപ്പോര്‍ട്ട്. പ്രജികുമാറിന് സയനൈഡ് നല്‍കിയ കോയമ്പത്തൂരിലെ വ്യാപാരി രണ്ടുവര്‍ഷം മുമ്പ് മരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കോയമ്പത്തൂരിലെ ഈ വ്യാപാരിയില്‍ നിന്നു പേരാമ്പ്ര പാലേരി സ്വദേശിയായ സ്വര്‍ണപ്പണിക്കാരനാണു സയനൈഡ് വാങ്ങിയത്. ഇയാളില്‍ നിന്നാണു പ്രജികുമാറിനു സയനൈഡ് ലഭിക്കുന്നത്. ഇയാളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

സ്വര്‍ണപ്പണിക്കെന്ന പേരിലാണു പ്രജികുമാര്‍ സയനൈഡ് വാങ്ങിയിരുന്നതെന്ന് ഇയാള്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടുദിവസം മുന്‍പാണ് കോയമ്ബത്തൂരിലെത്തിയത്. പ്രതി ജോളി ജോസഫ് സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സണുമൊത്തു നടത്തിയ കോയമ്പത്തൂര്‍ യാത്രകളെക്കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്.