സ്‌കൂളില്‍ ജോലിയെന്ന് പറഞ്ഞ് ഒരു വര്‍ഷം പാലായിലും തമ്പടിച്ചു… പാലായില്‍ ജോളി എന്തെടുക്കുകയായിരുന്നുവെന്ന കാര്യത്തിലും ദുരൂഹത

കോഴിക്കോട്: സ്‌കൂളില്‍ ജോലിയെന്ന് പറഞ്ഞ് ജോളി ഒരു വര്‍ഷം പാലായിലും തമ്പടിച്ചു.
കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യം ഇരയായ അന്നമ്മ ടീച്ചര്‍ മരിക്കുമ്പോള്‍ പാലായിലെ സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്തുവരികയായിരുന്നുവെന്നായിരുന്നു ജോളിയുടെ വാദം.

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കുകയായിരുന്നുവെന്നാണ് ജോളി പൊന്നാമറ്റം വീട്ടിലെ ഏവരെയും വിശ്വസിപ്പിച്ചിരുന്നത്.

Loading...

എന്നാല്‍ ആ കള്ളവും അന്വേഷണ സംഘം പൊളിച്ചു. ഒരു വര്‍ഷത്തോളമാണ് ജോലിയ്ക്കാണെന്ന വ്യാജേന ജോളി ജോസഫ് പാലായില്‍ തമ്പടിച്ചത്. കൊല്ലപ്പെട്ട ടോം ജോസിന്റെ പാലാ ഐങ്കൊമ്പിലുള്ള അടുത്ത ബന്ധുവിന്റെ വീട്ടിലാണ് ജോളി ഇക്കാലത്ത് താമസിച്ചിരുന്നത്.

സെന്റ് തോമസ് സ്‌കൂളില്‍ പഠിപ്പിച്ചിട്ടില്ലെന്നിരിക്കെ ഒരു വര്‍ഷത്തോളം പാലായില്‍ ജോളി എന്തെടുക്കുകയായിരുന്നുവെന്ന കാര്യത്തിലും ദുരൂഹത ഏറുകയാണ്.

പാലായില്‍ നിന്ന് അവധിക്ക് ജോളി കോഴിക്കോട് എത്തിയപ്പോഴാണ് അന്നമമ്മ ടീച്ചറുടെ മരണം സംഭവിക്കുന്നത്. 2002 ആഗസ്റ്റ് 22 നാണ് അന്നമ്മ ടീച്ചര്‍ കുഴഞ്ഞു വീണു മരിക്കുന്നത്.