ദുര്‍മന്ത്രവാദം സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിന്. ജോളിക്ക് വിവാഹത്തിനുമുമ്പേ ജോത്സ്യനുമായി ബന്ധം

ജോളിക്ക് ജ്യോത്സ്യനുമായി വിവാഹത്തിനുമുന്‍പേ ബന്ധമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്. കുടുംബത്തിലെ സാമ്ബത്തിക പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് ദുര്‍മന്ത്രവാദം നടത്താന്‍ ജോളിയെ സഹായിച്ചിരുന്നത് ഇടുക്കി കട്ടപ്പനയിലെ ജ്യോതിഷരത്നം രാധാകൃഷ്ണന്‍ ആയിരുന്നു. ജ്യോത്സ്യനെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

ജ്യോത്സ്യനെ ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. ധനമോഹിയും, ആഡംബര ജീവിതവും ഇഷ്ടപ്പെടുന്ന ജോളി ആര്‍ഭാടജീവിതം തുടരുന്നതിന് തനിക്ക് തടസമായി നിന്നവരെ ഇല്ലായ്മ ചെയ്യുന്നതിന് ജ്യോത്സ്യന്റെ കരങ്ങളുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഒളിവില്‍പോയ ജ്യോത്സ്യന്‍ വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്.

അതേസമയം കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ജോളി നടത്തിയത്. മക്കളെ രണ്ട് പേരെയും വീട്ടിലെ മുകളിലെ നിലയില്‍ ഉറക്കി കിടത്തിയ ശേഷം വാതില്‍ പുറത്തു നിന്ന് പൂട്ടി. പിന്നീട് താഴെയെത്തി ഭര്‍ത്താവ് റോയിക്ക് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നെന്ന് ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു.

ഇന്നലെ വൈകുന്നേരം 3.30നാംണ് കൂടത്തായി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ വടകരയിലെ ഓഫീസില്‍ ആരംഭിച്ചത്. അറസ്റ്റിലായ ദിവസം കുറ്റസമ്മതം നടത്തിയ പല കാര്യങ്ങളും ഇന്നലെ ജോളി നിഷേധിച്ചു.

ആദ്യഭര്‍ത്താവ് റോയ് തോമസ് ഭക്ഷണം കഴിക്കുന്നതിനു മുന്‍പാണു കുഴഞ്ഞുവീണു മരിച്ചതെന്ന വാദം ജോളി ആവര്‍ത്തിച്ചു. മരിക്കുന്നതിന്റെ 10 മിനിറ്റ് മുന്‍പു റോയി ചോറും കടലയും കഴിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ള കാര്യം അന്വേഷണ സംഘം വീണ്ടും ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തില്‍ നടന്ന ചോദ്യം ചെയ്യലിലും പൊലീസ് ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ വാദം തെറ്റാണെന്നു സ്ഥാപിച്ചത്. എന്നാല്‍ റോയി പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടാവാം വീട്ടില്‍ വന്നതെന്നായിരുന്നു ഇന്നലെ ജോളിയുടെ മറുപടി.