നിരവധി സന്യാസികളുടേയും സന്യാസിനികളുടേയും ജീവനും ചോരയും കണ്ട് ശീലിച്ച സഭാമാഫിയയില്‍ നിന്നും ഇതിലപ്പുറം പ്രതീക്ഷിക്കണം, ജോമോള്‍ ജോസഫ് പറയുന്നു

രാത്രിയാകുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പച്ച തെളിഞ്ഞ് കിടക്കുന്ന കണ്ട് പാഞ്ഞടുക്കുന്നവര്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട് വാര്‍ത്തകളില്‍ നിറഞ്ഞ മോഡലാണ് ജോമോള്‍ ജോസഫ്. ഇപ്പോള്‍ സിസ്റ്റര്‍ ലൂസി കളപ്പുര വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോമോള്‍. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ നേരിടുന്ന ദുരിതപര്‍വ്വം എന്ന തലക്കെട്ടോട് കൂടിയാണ് ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റ്.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Loading...

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ നേരിടുന്ന ദുരിതപര്‍വ്വം

ഇത് ലൂസി സിസ്റ്ററുടെ മാത്രം വിഷയമല്ല, കന്യാസ്ത്രീകളാന്‍ പോകുന്ന പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും മനസ്സിലാക്കേണ്ട വിഷയം തന്നെയാണിത്. കന്യാസ്ത്രീകളായവര്‍ ശ്രദ്ധിച്ചിട്ട് യാതൊരു കാര്യവുമില്ല, കാരണം അവരൊക്കെ പെട്ടു കഴിഞ്ഞു, ഇനി രക്ഷപ്പെടുക അത്ര എളുപ്പമല്ല.

ഒരു യുവതി സന്യാസവ്രതം സ്വീകരിക്കാനായി സഭയെ സമീപിക്കുമ്പോള്‍ തന്നെ ആ യുവതിയും യുവതിയുടെ രക്ഷിതാക്കളും സഭയുടെ (നിരവധി സന്യാസ സമൂഹങ്ങള്‍ ഉണ്ട് ക്രൈസ്തവസഭയില്‍) നിയമാവലികള്‍ വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ നിയമാവലികള്‍ വായിച്ച് മനസ്സിലാക്കിയാല്‍ പിന്നെ ആരും സന്യാസം സ്വീകരിക്കുന്നതിന് തയ്യാറാകുമെന്ന് കരുതുന്നില്ല, നിയമാവലികള്‍ വായിച്ച് മനസ്സിലാക്കിയിട്ടും ആ യുവതിയും രക്ഷിതാക്കളും തീരുമാനവുമായി മുന്നോട്ട് പോകുന്നു എങ്കില്‍ ഗതികേട് മാത്രമാകും അവരുടെ തീരുമാനത്തിന് പിന്നില്‍, അല്ലാത്ത പക്ഷം മതത്തിനും മതചിന്തകള്‍കള്‍ക്കും അടിമകളായി മാറിയ മസ്തിഷ്‌കങ്ങളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുകയോ, സ്വതന്ത്രമായി ചിന്തിക്കാനും കാര്യങ്ങളെ നേരായ രീതിയില്‍ നോക്കിക്കാണുകയോ ചെയ്യാനാകാത്തതും ഈ തീരുമാനവുമായി മുന്നോട്ട് പോകാന്‍ കാരണമാകുന്നു.

ഒരു പെണ്‍കുട്ടി സന്യാസ സഭയില്‍ ചേര്‍ന്ന് വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്ക് ശേഷം സന്യാസവ്രതം സ്വീകരിക്കുമ്പോള്‍ ആ പെണ്‍കുട്ടിയുടെ അവകാശമായി കുടുംബത്തിലുള്ള സ്വത്തോ സ്വത്തിന് തുല്യമായ തുകയോ മിക്ക സന്യാനസഭകളും കൈക്കലാക്കും. ഒരു പെണ്‍കുട്ടി സന്യാസവ്രതം സ്വീകരിച്ചു കഴിഞ്ഞശേഷം ആ പെണ്‍കുട്ടി ചെയ്യുന്ന ജോലിയുടെ ശമ്പളമായി ലഭിക്കുന്ന പണം മുഴുവനും ആ സന്യാസ സഭക്ക് അവകാശപ്പെട്ടതാണ്, സന്യാസ സഭ ആ പെണ്‍കുട്ടിയുടെ ചിലവിന് (ദാരിദ്ര്യമില്ലാതെ ജീവിക്കാന്‍ ആവശ്യമായ തുക മാത്രം) അത്യാവശ്യമായ പണം മാത്രമാണ് ആ സ്ത്രീക്ക് നല്‍കുക. ഇടക്കെങ്ങാനും ഒന്ന് വീട്ടില്‍പോകാന്‍ അനുവാദം കിട്ടിയാല്‍ തന്നെ അത് പരിമിതമായ ദിവസങ്ങളിലേക്ക് മാത്രമാകും, വീട്ടില്‍ പോകുന്ന ദിവസങ്ങളില്‍ പോലും സ്വന്തം വീട്ടില്‍ രാത്രിയുറങ്ങാന്‍ ചില സഭകള്‍ അവര്‍ക്ക് അനുമതി കൊടുക്കാറില്ല.

ഇങ്ങനെ നിരവധി മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഓരോ കന്യാസ്ത്രീകളും സഹനം എന്ന പേരില്‍ നേരിടുന്നത്. അവര്‍ കര്‍ത്താവിന്റെ കുഞ്ഞാടുകളെന്ന് നമ്മള്‍ കരുതും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരൊക്കെ കഴിയുന്നത് ഇറച്ചിവെട്ടുകാരന്‍ അറക്കാനായി നിര്‍ത്തിയ ആടുകളുടെ അവസ്ഥയിലാണ്, ഓരോ ലൂസിസിസ്റ്റര്‍മാരെയും കഴുത്തറത്ത് കൊല്ലുന്നത് കണ്ട്, ഉറക്കെയൊന്ന് നിലവിളിക്കാനോ പ്രതികരിക്കാനോ പോലും പേടിച്ച്, തന്റെ ഊഴം എപ്പോഴെന്ന് മാത്രം ചിന്തിച്ച് പേടിച്ച് കഴിയുന്നവരാണ് മിക്ക കുഞ്ഞാടുകളും.

സാമ്പത്തീക ചൂഷണം മാത്രമല്ല സന്യാസ മഠങ്ങളില്‍ നടക്കുന്നത്, നിരവധി സ്ത്രീകള്‍ ലൈംഗീക ചൂഷണം നേരിടുന്നുണ്ട്, നിരവധി സ്ത്രീകള്‍ ശാരീകിക, മാനസീക പീഢനങ്ങള്‍ നേരിടുന്നുണ്ട്. അവര്‍ക്ക് ഇതൊന്നും പുറത്ത് പറയാനാകാത്ത അവസ്ഥ തന്നെയാണ്, പുറത്ത് പറഞ്ഞാല്‍ പ്രതിഷേധിച്ചാല്‍, അവര്‍ നേരിടേണ്ടത് സാമ്പത്തീകമായും സാമൂഹ്യമായും മാഫിയാ സംഘങ്ങളെ പോലെ പ്രവര്‍ത്തിക്കുന്ന റോബിന്‍ മാരാടും ഫ്രാങ്കോമാരോടും നോബിളുമാരോടും തന്നെയാണ്. സാമ്പത്തീകമായി നയാ പൈസ കയ്യിലില്ലാത്തവര്‍ എന്നും അടിയാളവര്‍ഗ്ഗത്തെപ്പോലെ പേടിച്ച് കഴിയും. എവിടേക്കെങ്ങിലും ഒന്ന് ഓടിപ്പോയി രക്ഷപ്പെടാന്‍ പോലും കയ്യില്‍ പണം കാണില്ല. ഈ മാഫിയാ സംഘങ്ങളെ എതിര്‍ത്ത് പുറത്ത് വരേണ്ടി വന്നാല്‍ അതുവരെ ജോലിചെയ്ത സമ്പാദ്യം മുഴുവനും സഭയുടെ കയ്യിലാണ്. സ്വന്തം വീട്ടിലെ അവകാശം മുഴുവനും സഭ കൈക്കലാക്കി. മഠം വിട്ടു പോരേണ്ടിവരുന്ന ഏതൊരു സ്ത്രീയും ആ സ്ത്രീയുടെ തുടര്‍ജീവിതവും കുടുംബക്കാര്‍ക്കും, ബന്ധുക്കള്‍ക്കും സാമ്പത്തീക ബാധ്യത തന്നെയായി മാറും. മഠം വിട്ടു പോരുന്നവര്‍ക്ക് തുടര്‍ന്ന് ജോലി ചെയ്യലും ബുദ്ധിമുട്ടായി മാറും, കാരണം അവരുടെ ജോലി സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലായതുകൊണ്ടുതന്നെ, മഠം വിട്ടു രക്ഷപ്പെട്ടാല്‍ ജോലിയില്‍ നിന്ന് പുറത്താക്കാനും അച്ചടക്ക നടപടികളും കള്ളക്കേസുകളും ഒക്കെ സഭക്ക് നിര്‍ബാധം തുടരാനാകും.

സന്യാസ സഭയുടെ പ്രവര്‍ത്തനങ്ങളിള്‍ ശക്തമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്. ഓരോ സന്യാസിനിക്കും ജോലിചെയ്യുന്ന ശമ്പളം അവര്‍ക്ക് അവകാശപ്പെട്ടതായി മാറണം, മാത്രമല്ല ഓരു സന്യാസിനിക്കും അവകാശപ്പെട്ട കുടുംബസ്വത്ത് സഭ അടിച്ചുമാറ്റുന്ന സ്ഥിതിയും ഉണ്ടാകരുത്. സാമ്പത്തീകമായി സുരക്ഷിതത്വം നേടിയാല്‍ തന്നെ ഓരോ സന്യാസിനിയുടേയും പ്രശ്‌നങ്ങള്‍ പതുതിയും പരിഹരിക്കപ്പെടും. അടുത്തതായി വേണ്ടത് ലൈംഗീക ചൂഷണം തടയുക എന്നതാണ്, നമ്മള്‍ കര്‍ത്താവിന്റെ ദാസിമാരെന്ന് കരുതുന്ന കന്യാസ്ത്രീകള്‍ റോബിന്‍മാരുടേയും, ഫ്രാങ്കോമാരുടേയും കണ്ണുകളില്‍ വെറും വേശ്യകള്‍ മാത്രമാണ്. വിത്തുകാളകളായി ജീവിക്കുന്ന റോബിന്‍മാര്‍ക്കും ഫ്രാങ്കോമാര്‍ക്കും കാമവെറി തീര്‍ക്കാനായി മാത്രം ഒരു കന്യാസ്ത്രീയും ഇനിയും ഉപയോഗിക്കപ്പെട്ടു കൂട. ഒരു അഭയും ഇനി സഭയില്‍ ഉണ്ടായിക്കൂട..

മാനന്തവാടി രൂപതയുടെ പിആര്‍ഓ ഫാദര്‍ നോബിള്‍ സിസി ടിവി ക്യാമറാദൃശ്യങ്ങള്‍ തെറ്റായ പരാമര്‍ശത്തോടെ പുറത്തുവിട്ട് ലൂസി സിസ്റ്റര്‍ക്ക് അവമതിയുണ്ടാക്കാനായി നോക്കിയതോ, ലൂസി സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയതോ ഒന്നും വലിയ കാര്യങ്ങളായി എനിക്ക് തോന്നുന്നില്ല, നിരവധി സന്യാസികളുടേയും സന്യാസിനികളുടേയും ജീവനും ചോരയും കണ്ട് ശീലിച്ച സഭാമാഫിയയില്‍ നിന്നും ഇതിലപ്പുറം പ്രതീക്ഷിക്കണം. ഇതൊക്കെയെന്ത്..

മനുഷ്യാവകാശ കമ്മീഷനും, വനിതാകമ്മീഷനും സന്യാസിനികള്‍ നേരിടുന്ന ചൂഷണങ്ങളില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ലൂസി സിസ്റ്റര്‍ക്ക് ഐക്യദാര്‍ഢ്യം