ഒന്നും ചെയ്യാതെ, യാതൊരു ഇടപെടലുകളും നടത്താതെ വായില്‍തോന്നിയത് വിളിച്ച് പറയുന്നവര്‍ കേരളത്തെ തോല്‍പ്പിക്കാനായി നടക്കുന്നവരാണ്, ജോമോള്‍ ജോസഫ് പറയുന്നു

Loading...

രാത്രിയാകുമ്പോള്‍ ഫേസ്ബുക്കില്‍ പച്ച ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് കണ്ട് പാഞ്ഞടുക്കുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ കുറിപ്പിട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച മോഡലാണ് ജോമോള്‍ ജോസഫ്. പിന്നീട് പല കാര്യങ്ങളിലും തന്റേതായ അഭിപ്രായം തുറന്ന് പറഞ്ഞ് ജോമോള്‍ ചര്‍ച്ചയായിരുന്നു. ഈ പ്രളയകാലത്ത് സേഫ് സോണിലിരുന്ന് തോന്നിയത് വിളിച്ച്പറയുന്നവര്‍ക്കെതിരെയാണ് ജോമോളുടെ പുതിയ കുറിപ്പ്.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Loading...

സേഫ് സോണുകളില്‍ സുരക്ഷിതരായിരുന്ന് നമ്മുടെ ചിന്തകളിലേക്ക് വിഷകണികകള്‍ നമ്മള്‍ പോലുമറിയാതെ കയറ്റിവിടുന്നവര്‍..

ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട് രാഷ്ട്രീയം എന്നത് ജനങ്ങളുടെ, സമൂഹത്തിന്റെ നന്മക്കായിരിക്കണം. എന്നാല്‍ കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും ഉണ്ടായ പ്രളയദിവസങ്ങളിലേയും, കഴിഞ്ഞ വര്‍ഷം പ്രളയത്തിന് ശേഷവും ഉണ്ടായ പ്രചാരണങ്ങളും, ആ പ്രചാരണങ്ങളുടെ ഫലമായി നമ്മുടെ ചിന്തകളില്‍ പോലും കടന്നുകയറിയ നെഗറ്റീവായ ചിന്തകളും ഒന്ന് പരിശോധിച്ച് നോക്കിയാല്‍ ഇത്തരം കളവുകളുടെ പ്രചാരകരുടെ ലക്ഷ്യം നമുക്ക് മനസ്സിലാക്കാനാകും.

1. സാലറി ചലഞ്ച്

കഴിഞ്ഞ പ്രളയകാലത്തെ അതിജീവിക്കാനായി സര്‍ക്കാര്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ചു. സര്‍ക്കാരുദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുള്ള പദ്ധതി. ഈ നിര്‍ദ്ദേശത്തെ പ്രതിപക്ഷപാര്‍ട്ടികളും, പ്രതിപക്ഷ ഉദ്യോഹസ്ഥ യൂണിയനുകളും എതിര്‍ത്ത് തോല്‍പ്പിച്ചു. ഒരു മാസത്തെ ശമ്പളം നഷ്ടപ്പെടുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതം ദുരിതത്തിലാക്കും എന്നതായിരുന്നു അവര്‍ പറഞ്ഞ ന്യായം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ സകലതും നഷ്ടപ്പെട്ട ജനതയേക്കാള്‍ വേദന ഇവരുടെ ഒരു മാസത്തെ ശമ്പളം ശമ്പളം നല്‍കലിന് ഉണ്ടോ എന്ന് ചോദിക്കരുത്, അത്തരം ചോദ്യങ്ങള്‍ കക്ഷിരാഷ്ട്രീയത്തെക്കാള്‍ മുകളില്‍ മാനവീകതയെ പ്രതിഷ്ടിച്ചവരോടേ ആകാവൂ. ഏതായാലും സാലറി ചലഞ്ച് ഭാഗീകമായി പരാജയപ്പെടുത്തിയതിമ് പുറകിലെ ലക്ഷ്യം, പ്രളയാനന്തരകേരളത്തിന്റെ പുനസൃഷ്ടി സര്‍ക്കാരിന് സുഗമമായി നടപ്പിലാക്കാനായാല്‍, പിന്നെ സര്‍ക്കാരിനെ വിമര്‍ശിക്കാനും രാഷ്ട്രീയം കളിക്കാനും പ്രതിപക്ഷത്തിന് എവിടെയാണ് റോള്‍? ഇവിടെ സര്‍ക്കാരിനെതിരായ യുദ്ധം ബാധിക്കപ്പെട്ടത് കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനതയോടും കേരള സമൂഹത്തോടും തന്നെയായിരുന്നു. നാടിനെ പിന്നോട്ടടിച്ചായാലും തങ്ങളുടെ കക്ഷി രാഷ്ട്രീയം പ്രസക്തമാക്കണം എന്ന ചിന്ത. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായിവാങ്ങുന്നവര്‍ക്ക്, ജനങ്ങളുടെ ദുരിതത്തോട് യാതൊരുബാധ്യതയും ഉത്തരവാദിത്വവുമില്ല എന്ന ചിന്ത എത്രത്തോളം ധാര്‍മ്മീകമാണ്?

2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കഴിഞ്ഞ പ്രളയകാലത്തും ഈ വര്‍ഷത്തെ ദുരിതസമയത്തും വ്യാപകമായി നടന്ന മറ്റൊരു പ്രചാരണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത്, ആ പണം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യും, വഴിവിട്ട് ചിലവഴിക്കും, ദുരിതബാധിതര്‍ക്ക് ഉപകരിക്കില്ല എന്നൊക്കെയുള്ള വ്യാപക പ്രചാരണം. ഈ പ്രചാരണത്തില്‍ എത്രത്തോളം വസ്തുതയുണ്ട്? റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലാണ് ഈ അക്കൌണ്ട്, എന്നുകരുതി സെക്രട്ടറിക്ക് ഈ പണം അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം ഉപയാഗിക്കാനാകുമോ? ഇല്ല, അതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്, കൂടാതെ നിശ്ചിത തുകയില്‍ കൂടിയ തുക പാസ്സാക്കണം എങ്കില്‍ അതിന് ക്യാബിനറ്റ് തീരുമാനം വേണം. ക്യാബിനറ്റ് തീരുമാനമുണ്ടേല്‍ പണം ഇഷ്ടപ്രകാരം ചിലവഴിക്കാനാകുമോ? ഇല്ല, CAG (കണ്ട്രോളര്‍ അന്റ് ഓഡിറ്റര്‍ ജനറല്‍) യുടെ കൃത്യമായ ഓഡിറ്റിങ് ഈ അക്കൌണ്ടിലെ പണത്തിന്റെ വിനിമയത്തില്‍ നടക്കുന്നുണ്ട്.

3. ബിജെപിയും ദുരിതാശ്വാസ ഫണ്ടിനെ സംബന്ധിച്ച നിലപാടുകളും.

കഴിഞ്ഞ ദിവസം ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി. മുരളീധരന്‍ പറയുന്നു, ദുരിതാശ്വാസ നിധിയില്‍ ആവശ്യത്തിന് പണമുണ്ട്, ഇനി ആരും ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കേണ്ടതില്ല എന്ന്. ഇവിടെയാണ് ‘അശ്വത്ഥാത്മാഃ ഹതഃ’ എന്ന അര്‍ത്ഥ സത്യം പറഞ്ഞ് തെറ്റിദ്ധാരണ പടര്‍ത്തി നാടിനെ ചതിക്കുന്നവരെ, പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയേണ്ടത്. കഴിഞ്ഞ പ്രളയത്തില്‍ കേരളത്തിന്റെ ആകെ നഷ്ടം മുപ്പകിനായിരം കോടിക്ക് മുകളില്‍, ദുരിതാശ്വാസ നിധിയില്‍ വന്ന തുക 4106 കോടി രൂപ, അതില്‍ ചിലവാക്കികഴിഞ്ഞത് 2008.76 കോടി രൂപ. ബാക്കി 2097 കോടി രൂപ ദീര്‍ഘകാല പദ്ധതികള്‍ക്കായി വേണ്ടതാണ്. അതായത് ഒരു വീട് പണിയാനായി ധനസഹായത്തിനായി ഒരു കുടുംബത്തെ പരിഗണിച്ചാല്‍ വിവിധ ഘട്ടങ്ങളിലായേ മുഴുവന്‍ തുകയും നല്‍കുകയുള്ളൂ. തറകെട്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ഗഡു, ഭിത്തികെട്ട് കഴിയുമ്പോള്‍ അടുത്ത ഗഡു, വാര്‍പ്പ് കഴിയുമ്പോള്‍ അടുത്ത ഗഡു, പ്ലാസ്റ്ററിംങും മറ്റുപണികളും പൂര്‍ത്തിയാകുമ്പോള്‍ അവസാന ഗഡു. ഇങ്ങനെ തന്നെയാണ് പാതുമരാമത്ത് പണികളുടേയും തുക നല്‍കുന്നത്.

ഇങ്ങനെ പല മാസങ്ങള്‍ക്ക് ശേഷം വിതരണം ചെയ്യേണ്ട തുക ബാങ്കുകളില്‍ മൂന്നുമാസം ആറുമാസം ഒരുവര്‍ഷം കാലയളവുകളിലേക്ക് സര്‍ക്കാര്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുന്നു, സാധാരണ അക്കൌണ്ടില്‍ പണം കിടന്നാല്‍ പലിശ കിട്ടില്ല, ഇതാകുമ്പോള്‍ മാസം ഏകദേശം അരശതമാനം തുക പലിശയായി ലഭിക്കുന്നു, ഏകദേശം പത്ത് കോടിയോളം രൂപ. ഈ പലിശ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കാനാകുവോ? ഇല്ല, പലിശയും ദുരിതാശ്വാസ നിധിയിലേക്ക് തന്നെ പോകും. അപ്പോള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വി. മുരളീധരന്‍ പറഞ്ഞതും സത്യവുമായി എന്ത് ബന്ധം? ഒരു ബന്ധവുമില്ല. വി.മുരളീധരനും ബിജെപിയും കളവ് പറയുന്നതെന്തിനാണ്? അതാണ് അവരുടെ രാഷ്ട്രീയം. കേരള സമൂഹത്തിന്റെ നന്മയല്ല, പകരം കേരള സമൂഹം പിന്നോട്ടടിക്കപ്പെട്ടാല്‍ മാത്രമേ തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകൂ, അതിനായി അവര്‍ എന്തും ചെയ്യും.

4. വിദേശ സഹായം.

കഴിഞ്ഞ പ്രളയകാലത്ത് നിരവധി രാജ്യങ്ങളില്‍ നിന്നും വിദേശ സഹായം നമുക്ക് ഓഫര്‍ ചെയ്യപ്പെട്ടിരുന്നു. അന്നും അതൊക്കെ സ്വീകരിക്കാന്‍ നമ്മളെ അനുവദിക്കാതിരുന്നത് കേന്ദ്രസര്‍ക്കാരാണ്. അതിനും ബിജെപി നേതക്കള്‍ പല വിശദീകരണങ്ങളും നല്‍കി. പക്ഷെ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ സമ്പാദ്യമായും പൊതുമുതലുകളും ആയി നഷ്ടപ്പെട്ടത് ഏകദേശം അമ്പതിനായിരത്തോളം കോടി രൂപയാണ്. അതിനെ അതിജീവിക്കാനായി 2019 ജൂലൈ 20 വരെ 4106 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്രസഹായം 700 കോടിയോളം ലഭിച്ചിട്ടുണ്ട് (ഇതില്‍ പട്ടാളത്തെ വിട്ടതിനും, അരിയും ധാന്യങ്ങളും തന്നതിന്റെ കാശും മണ്ണെണ്ണയുടെ കാശും, ഹെലികോപ്റ്ററും വിമാനവും വിട്ടുതന്നതിനും ഒക്കെയായി 300 കോടിയോളം രൂപ കേന്ദ്രം തിരികെ പിടിച്ചിട്ടുമുണ്ട്) ബാക്കി പണം സര്‍ക്കാരിന് കണ്ടേത്തേണ്ടതുണ്ട്, എവിടെ നിന്ന് കണ്ടെത്തണം? രണ്ടുവര്‍ഷത്തെ ദുരിതത്തിലും മുച്ചൂടും തകര്‍ന്ന് നില്‍ക്കുന്ന കേരളത്തില്‍ നിന്ന് തന്നെ

5. അതുകൊണ്ട് നമുക്ക് കേരളത്തെ രക്ഷിക്കാം.. അതിനായി

1. ആരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുത് (ബിജെപി എന്ന പാര്‍ട്ടി പറയുന്നത് നമുക്ക് കേള്‍ക്കാതിരിക്കാനാകില്ലല്ലോ?)
2. ആരും ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, കളക്ഷന്‍ പോയന്റുകളിലേക്കോ യാതൊന്നും നല്‍കരുത് (സേവാഭാരതി വഴിയേ എല്ലാവരും സഹായിക്കാവൂ)
3. ആരും സാലറി ചലഞ്ചുമായി സഹകരിക്കുകയോ, സാലറി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയോ ചെയ്യരുത് (കോണ്‍ഗ്രസ്സ് പറയുന്നതില്‍ കാര്യമില്ലാതെ വരില്ല)

6. എനിക്ക് രണ്ടേ രണ്ടുകാര്യം അറിയണമെന്നുണ്ട്.

A. കഴിഞ്ഞ പ്രളയകാലത്ത് സേവാഭാരതി ലോകവ്യാപകമായി കേരളത്തിന്റെ പേര് പറഞ്ഞ് പണപ്പിരിവ് നടത്തിയിരുന്നു. സേവാഭാരതി ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നടക്കം പിരിച്ചത് എത്ര തുകയാണ്? അത് ചിലവാക്കിയ കണക്ക് (വരവ് ചിലവ് കണക്കുകള്‍) പബ്ലിഷ് ചെയ്യാമോ? എത്ര വീടുകള്‍, റോഡുകള്‍ പിരിച്ച പണം ഉപയോഗിച്ച് സേവാഭാരതി നിര്‍മ്മിച്ച് നല്‍കി.

B. കോണ്‍ഗ്രസ്സുകാരും പിരിവ് നടത്തിയിരുന്നു, പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന പ്രഖ്യാപനവുമായി. എത്ര കോടി രൂപയാണ് കോണ്‍ഗ്രസ്സ് കഴിഞ്ഞ പ്രളയത്തിന്റെ പേരില്‍ പിരിച്ചത്? എത്ര വീടുകള്‍ കോണ്‍ഗ്രസ്സ് നിര്‍മ്മിച്ചുനല്‍കി? ഈ കണക്കും ഞാനടക്കമുള്ള പൊതുജനത്തിന് അറിയേണ്ടതുണ്ടല്ലോ?

C. ദുരിതാശ്വാസ നിധിയുടെ വരവുചിലവ് കണക്കുകള്‍ സുതാര്യമാണ്. അത് ബോധ്യപ്പെടാനായി https://donation.cmdrf.kerala.gov.in/ ഈ സൈറ്റില്‍ പോയാല്‍ മതിയാകും. ഒരു തവണയെങ്കിലും നൂറുരൂപ സംഭാവന നല്‍കാനായി ഈ സൈറ്റില്‍ പോയവര്‍ക്ക് കാര്യമറിയാം. നൂറുരൂപപോലും ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാത്തവര്‍ക്ക് ഈ സൈറ്റിനെ കുറിച്ച് അറിയാനായി വഴിയില്ല.

ഓഡിറ്റിങ് സര്‍ക്കാരിന് മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കീഴിലും അല്ലാതെയും പ്രവത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്കും ബാധകമാണല്ലോ?

7. പ്രളയകാലത്ത് ഞങ്ങള്‍ എന്തുചെയ്തു.

കഴിഞ്ഞ പ്രളയകാലത്ത് ഞങ്ങള്‍ (മോനുമായി പോകാനുള്ള ബുദ്ധിമുട്ട് കാരണം എനിക്ക് അധികം ഇടപെടലുകള്‍ നേരിട്ട് നടത്താനായിട്ടില്ല, കണ്ട്രോള്‍ റൂമുപോലെ പ്രവര്‍ത്തിച്ച ഞങ്ങളുടെ ഫോണുകളുടെ ചുമതല എനിക്കായിരുന്നു) രണ്ടുമാസത്തോളം ഓഫീസും പൂട്ടിയിട്ട് അന്‍പോട് കൊച്ചിയുടെ ഭാഗമായും, അല്ലാതെ നേരിട്ട് റെസ്‌ക്യൂ റീഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളിലും, ക്യാമ്പുകളിലേക്ക് സാധനസാമഗ്രികളുടെ വിതരണവും, നാട്ടില്‍ നിന്ന് സര്‍വ്വ സജ്ജീകരണങ്ങളുമായി സന്നദ്ധപ്രവര്‍ത്തകരായ സുഹൃത്തുക്കളെ കൊണ്ടുവന്ന് എറണാകുളത്ത് വീടുകളുടെ ക്ലീനിങ്ങും, അവരുടെ തുടര്‍താമസത്തിന് തുടക്കമിടുന്നതിനുളള സാധനങ്ങളെത്തിക്കുകയും, അന്യനാടുകളില്‍ നിന്ന് ലക്ഷക്കണത്തിന് രൂപയുടെ മെഡിസിനുകള്‍ കേരളത്തിലേക്ക് എത്തിക്കുകയും, നിരവധി കണ്ടെയ്‌നര്‍ ക്ലീനിങ് സാമഗ്രികളും അവശ്യ വസ്തുക്കളും ജില്ലാ ഭരണകൂടത്തിന് എത്തിച്ച് നല്‍കാനുമൊക്കെയായി രാവും പകലും ഊണും ഉറക്കവും ഉപേക്ഷിച്ച് ജീവന്‍ പോലും പണയം വെച്ച് പ്രവര്‍ത്തിച്ചവരാണ്. അതിന് ശേഷം കംപാഷനേറ്റ് കേരളത്തിന്റെ ഭാഗമായ വോളന്റിയറായും പ്രവര്‍ത്തിച്ചിരുന്നു. ഇതൊക്കെ വിനുവിന്റെ വാളില്‍ ഒന്ന് കയറി നോക്കിയാല്‍ കാണാനാകും.

ഒന്നും ചെയ്യാതെ, യാതൊരു ഇടപെടലുകളും നടത്താതെ വായില്‍തോന്നിയത് വിളിച്ച് പറയുന്നവര്‍ കേരളത്തെ തോല്‍പ്പിക്കാനായി നടക്കുന്നവരാണ്, അല്ലാതെ നമ്മുടെ കേരളത്തിന്റെയോ മലയാളികളുടേയോ നന്മ ലക്ഷ്യം വെക്കുന്നവരല്ല. സ്വയം ചിന്തിക്കുക, മനുഷ്യത്തത്തോടെ ഇടപെടുക, കകഷിരാഷ്ട്രീയമല്ല വലുത്, നമ്മള്‍ മനുഷ്യരാണ് എന്ന ചിന്തകളാണ് വേണ്ടത്, മനുഷ്യരായാലും മൃഗങ്ങളായാലും ഓരോ ജീവനുകളും വിലപ്പെട്ടതാണ്.

നബി – എന്റെ ചിത്രത്തില്‍ കാണുന്നതുപോലെ സേഫ് സോണിലിരുന്ന് ആര്‍ക്കും എന്തും പറയാം, പക്ഷെ ദുരിതം അനുഭവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ ഗ്രൌണ്ട് റിയാലിറ്റി മനസ്സിലാകും. ഒരു കളവ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞാല്‍ സത്യമെന്ന് നമ്മളില്‍ തോന്നലുണ്ടായേക്കാം, പക്ഷെ അത് വെറും തോന്നലുകള്‍ മാത്രമെന്ന് മനസ്സിലാക്കാന്‍ പണയം വെക്കാത്ത മസ്തിഷ്‌കവും സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവും നമുക്ക് ആവശ്യമാണ്.