കേരളത്തിലെ പോലീസ് വള്ളിയുള്ള ടോപ്പുകളും, ചരടുകളുള്ള അടിപ്പാവാടകളും നാളെമുതൽ നിരോധിക്കുവോ ആവോ

Loading...

രാത്രിയാകുമ്പോൾ സോഷ്യൽ മീഡിയയിൽ പച്ച ലൈറ്റ് കത്തി കിടക്കുമ്പോൾ പാഞ്ഞടുക്കുന്നവരെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി വൈറലായ മോഡലാണ് ജോമോൾ ജോസഫ്. ജോമോളുടെ പുതിയ കുറിപ്പും ചർച്ചയായിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചാണ് പുതിയ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം;

Loading...

വിവരം കെട്ട പോലീസുദ്യോഗസ്ഥർ തരാതരത്തിൽ ഇറക്കുന്ന വിവരം കെട്ട ഉത്തരവുകൾ..

മഴയായതുകൊണ്ട് സ്കൂട്ടർ ഉപയോഗം അത്യാവശ്യം ചെറിയ യാത്രകൾക്ക് മാത്രമാക്കി. വീട്ടിൽ നിന്നും കടയിൽ പോകാനും മോനെ അംഗൻവാടിയിൽ ആക്കാനുമാണ് സ്കൂട്ടർ പ്രധാനമായും ഇപ്പോൾ ഉപയോഗിക്കുന്നത്. അങ്ങനെ സ്കൂട്ടറിലെ പെട്രോൾ തീർന്നു. പെട്രോൾ പമ്പിലേക്ക് അഞ്ച് കിലോമീറ്ററോളം ദൂരമുണ്ട്, അതുവരെ സ്കൂട്ടർ ഓടിയെത്തില്ല. ആദിക്ക് കുറച്ചു ദിവസമായി നല്ല പനിയായിരുന്നു, ഇന്ന് വൈറ്റിലയിലുള്ള ആശുപത്രിയിൽ ആദിയെ കാണിക്കാനായി കാറിൽ പോയപ്പോൾ, സ്കൂട്ടറിലൊഴിക്കാൻ പെട്രോള് വാങ്ങാനായി കന്നാസും കയ്യിലെടുത്തു. ആദിയെ ഡോക്ടറെ കാണിച്ച് (ആദിക്ക് തക്കാളിപ്പനിയാണ്) തിരികെ വന്നപ്പോൾ, പെട്രോൾ പമ്പിൽ കയറി കന്നാസിൽ ഇരുന്നൂറ് രൂപയുടെ പെട്രോൾ ആവശ്യപ്പെട്ടു.

അപ്പോൾ പമ്പുകാർ പറയുന്നു, വാഹനങ്ങളിലല്ലാതെ കുപ്പികളിലോ കന്നാസുകളിലോ പെട്രോൾ നൽകരുതെന്ന് പോലീസിന്റെ ഓർഡറുണ്ട് പോലും. ഒരു പോലീസുകാരൻ ദിവസങ്ങൾക്ക് മുമ്പ് തന്റെ സഹപ്രവർത്തകയെ കുപ്പിയിൽ പെട്രോളുമായി പോയി പെട്രോളിച്ച് തീയിട്ട് കൊന്ന സംഭവത്തിന് ശേഷമാണുപോലും പോലീസ് ഇങ്ങനെയൊരു നിർദ്ദേശം പമ്പുടമകൾക്ക് നൽകിയത്!! അല്ല പോലീസേ, ഒരു പോലീസുകാരൻ അല്ലേ പെട്രോളൊഴിച്ച് ആ സ്ത്രീയെ കത്തിച്ചത്, അതുകൊണ്ട് കേരളത്തിലെ പോലീസകാരെ മുഴുവനും ജനങ്ങൾ പേടിക്കണമെന്ന് എന്തേ നിങ്ങൾ ഉത്തരവിറക്കാതിരുന്നത്? അല്ല പോലീസേ, കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വ്യക്തിയെ ഉരുട്ടി കൊന്നത് പോലീസുകാരല്ലേ; എന്നിട്ടും നിങ്ങളെന്തേ പോലീസുകാർ ആളുകളെ കസ്റ്റഡിയിലെടുക്കരുതെന്ന് ഉത്തരവിറക്കാതിരുന്നത്? അല്ല പോലീസേ ഒരു വർഷം മുമ്പ് വാരാപ്പുഴയിൽ ഒരു പാവം പയ്യനെ കസ്റ്റഡിയിലെടുത്ത് നിങ്ങൾ കൊന്നുകളഞ്ഞില്ലേ, എന്നിട്ടും നിങ്ങൾ വീണ്ടും വീണ്ടും ആളുകളെ കസ്റ്റഡിയിലെടുക്കുന്നില്ലേ? സംസ്ഥാനത്തെ പോലീസ് സേനയുടെ ഭാഗമായിരുന്ന ഒരു ഡിവൈഎസ്പി അല്ലേ പ്രവീണിന്റെ കഴുത്തറുത്തുകൊന്ന് തുണ്ടും തുണ്ടമാക്കി നാടിന്റെ പലകോണുകളിൽ കൊണ്ടിട്ട കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസമനുഭവിക്കുന്നത്? എന്നിട്ടെന്തേ ഡിവൈഎസ്പിമാർ മുഴുവനും ക്രിമിനലുകളാണ് അവരെ ജനങ്ങൾ പേടിക്കണം എന്ന് നിങ്ങൾ ഉത്തരവ് ഇറക്കാതിരുന്നത്? ഇനിയും എത്രയെത്ര സംഭവങ്ങളുണ്ട് പോലീസേ നിങ്ങളുടെ സേനക്ക് നാണക്കേടും മാനക്കേടും ഉണ്ടാക്കുന്നതായിട്ട്??

വിവരം കെട്ട ഓർഡറിറക്കിയ പോലീസേ നിങ്ങൾ നിങ്ങളുടെ വിവരം കെട്ട ഓർഡർ മൂലം ജനങ്ങളെ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നു എന്ന് നിങ്ങൾക്കറിയാമോ? നിങ്ങളെപ്പോലെ മാസം കൃത്യമായി നല്ല തുക വരുമാനമായോ ശമ്പളമായോ ലഭിക്കുന്നവരല്ല സംസ്ഥാനത്തെ ജനങ്ങൾ മുഴുവനും. അതുകൊണ്ട് തന്നെ ഫുൾടാങ്ക് പെട്രോളടിച്ചല്ല മിക്കവരും ടൂവീലറുകളും ആയി യാത്രചെയ്യുന്നത്. ഇവരുടെ വാഹനത്തിലെ പെട്രോൾ തീർന്ന് വഴിക്കായാൽ, അവർ വാഹനം തള്ളിയൊ ഗുഡ്സ് ക്യാരിയേജിൽ കയറ്റിയോ പമ്പിലെത്തിച്ച് എണ്ണയടിക്കണം എന്ന് പറയുന്നതിലെ യുക്തിയും ന്യായവും എന്താണ്? അല്ല പോലീസുകാരേ, വാഹനത്തിലടിച്ച പെട്രോൾ ഊറ്റിയെടുത്ത്, ആ പെട്രോളുപയോഗിച്ച് അക്രമം നടത്താനാകില്ലേ ഒരാൾക്കും? അതോ എല്ലാ വാഹനങ്ങളുടേയും പെട്രോളൂറ്റാനുള്ള സംവിധാനം പോലീസ് ഇല്ലാതാക്കിയോ? ആത്മഹത്യ ചെയ്യാനായി ധാരാളം ആളുകൾ കയറുപയോഗിക്കുന്നതായി വാർത്തകളിൽ വായിച്ചിട്ടിട്ടുണ്ട്. ഇനിയിപ്പോ കയർ വിൽപ്പനും, കയർ വാങ്ങലും, കയർ വീടുകളിൽ സൂക്ഷിക്കുന്നതും, കയർ കയ്യിൽ കൊണ്ടുനടക്കുന്നതും നിങ്ങൾ നിരോധിക്കുമോ? മരം മുറിക്കാനുപയോഗിക്കുന്ന മെഷീൻ വാളുകളിലും, കൃഷിയാവശ്യത്തിനടക്കം ഉപയോഗിക്കുന്ന മോട്ടോറുകളും, കാടുവെട്ടുന്ന യന്ത്രങ്ങളും തുടങ്ങി എത്രയോ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനായി പെട്രോളും ഡീസലും ആവശ്യമാണ്. ഇതിനൊക്കെയുള്ള പെട്രോൾ, മെഷീനുകളുമായി പമ്പിൽ പോയി നിറക്കണോ അതോ കന്നാസിൽ വാങ്ങികൊണ്ടുപോയി നിറക്കണോ? എന്താടോ പോലീസേ സാമാന്യ ബുദ്ധി പോലും ഇല്ലാതായോ നിങ്ങൾക്കും നിങ്ങളെ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനും. അതോ ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും ഈ നാട്ടിൽ പോലീസുകാർ കാട്ടിക്കൂട്ടുന്നതൊന്നും അറിയുന്നില്ലേ?

ഇത്രയും വിവരം കെട്ട ഓർഡർ ഇറക്കിയത് പോലീസ് സേനയിലെ ഏത് ഉദ്യോഗസ്ഥനാണ് എന്ന് കണ്ടെത്തി അയാളുടെ മാനസീകനില പരിശോധിക്കാനും, അയാളെ ചികിൽസിക്കാനും, അയാളിറക്കിയ ഉത്തരവ് റദ്ദ് ചെയ്യാനുമുള്ള ബാധ്യത സംസ്ഥാനത്തെ ഡിജിപിക്കും, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് മന്ത്രിക്കുമില്ലേ? അതോ വിവരം കെട്ട ഇത്തരം ഉദ്യോഗസ്ഥരെ വെച്ചാണോ പോലീസ് സേന മുമ്പോട്ട് പോകേണ്ടത്?

നബി 1 – എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടുണ്ട്, അതുക്കും മേലേയാണ് കേരളാ പോലീസ്. പോലീസായാലും സർക്കാരായാലും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ആരായാലും, ജനനന്മയാണ് ലക്ഷ്യം വെക്കേണ്ടത്, അവർക്ക് അന്നം തരുന്ന ജനങ്ങളോച് ഇവർക്കൊക്കെ ബാധ്യതയും ഉത്തരാവാദിത്തവും ഉണ്ട്.

നബി 2 – എന്റെ ടോപ്പിലെ വള്ളി, ആത്മഹത്യക്ക് ഉപയോഗിക്കപ്പെടാം എന്ന കാരണം കൊണ്ട് കേരളത്തിലെ പോലീസ് വള്ളിയുള്ള ടോപ്പുകളും, ചരടുകളുള്ള അടിപ്പാവാടകളും നാളെമുതൽ നിരോധിക്കുവോ ആവോ?